കേരളം

kerala

ETV Bharat / state

നൂറ്റാണ്ടുകളുടെ സ്‌മരണകൾ പേറി ബോഡിമെട്ട് കസ്റ്റംസ് ഹൗസ് വിസ്‌മൃതിയിലേക്ക് - ചരക്ക് സേവന നികുതി

1905 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ബോഡിമെട്ടിൽ നിർമ്മിച്ച കസ്റ്റംസ് ഹൗസാണ് ചരക്ക് സേവന നികുതി നടപ്പിലാക്കിയതോടെ ഇപ്പോൾ വിസ്മൃതിയിലേക്ക് നീങ്ങുന്നത്.

Bodymett Customs House  ബോഡിമെട്ട് കസ്റ്റംസ് ഹൗസ്  ശ്രീമൂലം തിരുനാള്‍  കസ്റ്റംസ് ഹൗസ്  ചരക്ക് സേവന നികുതി  ട്രാവൻകൂർ കസ്റ്റംസ് ഹൗസ് ബോഡിമെട്ട്
നൂറ്റാണ്ടുകളുടെ സ്‌മരണകൾ പേറി ബോഡിമെട്ട് കസ്റ്റംസ് ഹൗസ് വിസ്‌മൃതിയിലേക്ക്

By

Published : Aug 15, 2021, 10:56 AM IST

Updated : Aug 15, 2021, 2:43 PM IST

ഇടുക്കി: രാജഭരണത്തിന്‍റെ സ്‌മരണകള്‍ പേറുന്ന ബോഡിമെട്ട് കസ്റ്റംസ് ഹൗസ് ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതോടെ വിസ്മൃതിയിലേക്കുള്ള മടക്കയാത്രയിലായി. ചരക്ക് സേവന നികുതി നടപ്പിലാക്കിയതോടെ വില്‍പന നികുതി ചെക്ക്പോസ്റ്റെന്ന ആശയം തന്നെ ഇല്ലാതായെങ്കിലും പൈതൃക സമ്പത്തായ കസ്റ്റംസ് ഹൗസ് സംരക്ഷിച്ച്‌ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.

നൂറ്റാണ്ടുകളുടെ സ്‌മരണകൾ പേറി ബോഡിമെട്ട് കസ്റ്റംസ് ഹൗസ് വിസ്‌മൃതിയിലേക്ക്

ആറ് ജീവനക്കാര്‍ സ്ഥിരമായി ജോലി ചെയ്തിരുന്ന വില്‍പന നികുതി ചെക്‌പോസ്റ്റ് ഓഫിസില്‍ പരാധീനതകള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും മാസം തോറും കുറഞ്ഞത് രണ്ട് ലക്ഷത്തോളം രൂപയാണ് നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് നല്‍കികൊണ്ടിരുന്നത്. ജിഎസ്‌ടി നടപ്പിലാകുന്നതോടെ വില്‍പന നികുതി ചെക്‌പോസ്റ്റുകൾ ഇല്ലാതായെങ്കിലും തല്‍ക്കാലം രണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ സേവനം ഇവിടെ തുടരുന്നുണ്ട്.

ശ്രീമൂലം തിരുനാള്‍ നിർമ്മിച്ച ചുങ്കം പിരിവ് കേന്ദ്രം

1905 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‍റെ കാലത്ത് തിരവിതാംകൂര്‍ മദിരാശി നാട്ടുരാജ്യങ്ങളുടെ പ്രധാന അതിര്‍ത്തിയായ ബോഡിമെട്ടില്‍ സ്ഥാപിച്ച ചുങ്കം പിരിവ് കേന്ദ്രം സംസ്ഥാന രൂപീകരണത്തിന് ശേഷം ഇന്നു കാണുന്ന 'വാണിജ്യ വില്‍പന നികുതി ചെക്‌പോസ്റ്റ്' ആയി മാറുകയായിരുന്നു. തിരുവിതാംകൂറിന്‍റെ തായ് വഴിയില്‍പ്പെട്ട പൂഞ്ഞാര്‍ രാജവംശത്തിന്‍റെ അധീനതയിലായിരുന്നു ഒരിക്കൽ ഹൈറേഞ്ചിലെ ഭൂരിഭാഗം പ്രദേശങ്ങളും. എങ്കിലും പ്രധാനപ്പെട്ട ചുങ്കങ്ങളുടെ പിരിവ് തിരുവിതാംകൂറിന്‍റെ അവകാശമായിരുന്നു.

ചുങ്കമായി പണത്തിന് പകരം ഉല്‍പന്നത്തിന്‍റെ വിഹിതം

രാജ പ്രൗഢി വിളിച്ചോതുന്നതിനായി കെട്ടിടത്തിന്‍റെ മുഖപ്പിൽ നിർമ്മാണകാലത്ത് സ്ഥാപിച്ച ശംഖുമുദ്രയും, 'ട്രാവൻകൂർ കസ്റ്റംസ് ഹൗസ് ബോഡിമെട്ട്' എന്ന എഴുത്തും ഇപ്പോഴും നിലനിൽക്കുന്നു. രാജഭരണകാലത്ത് ജില്ലയില്‍ നിന്നും കുരുമുളകും ഏലവുമുള്‍പ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ തലച്ചുമടായും കഴുതപ്പുറത്തും തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ടിരുന്ന പ്രധാന പാതയായിരുന്നു ബോഡിമെട്ട് ചുരം.

ALSO READ:പൂക്കളത്തിനായി സൗജന്യമായി പൂവ് വേണോ? മാരാരിക്കുളം പൊലീസ് സ്റ്റേഷനിലേക്ക് പോകൂ

വിദേശ വ്യാപാരികളുടേത് ഉള്‍പ്പെടെ ഹൈറേഞ്ചില്‍ നിന്നും കൈയ്യും കണക്കുമില്ലാതെ ബോഡിമെട്ട് വഴി മദിരാശിയിലേക്കും അവിടെ നിന്ന് കപ്പലില്‍ പുറം രാജ്യങ്ങളിലേക്കും ചരക്കുകള്‍ കൊണ്ടുപോകുന്നുവെന്ന വിവരം ലഭിച്ചതോടെയാണ് ശ്രീമൂലം തിരുന്നാള്‍ ഇവിടെ കസ്റ്റംസ് ഹൗസ് സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പണത്തിന് പകരം ഉല്‍പന്നത്തിന്‍റെ ഒരു വിഹിതം തന്നെയായിരുന്നു അക്കാലത്ത് കച്ചവടക്കാർ ചുങ്കം നല്‍കിയിരുന്നത്.

പതിറ്റാണ്ടുകളായി നവീകരണമില്ല

ശ്രീ ചിത്തിര തിരുന്നാളിന്‍റെ കാലത്ത് കസ്റ്റംസ് ഹൗസ് നവീകരിച്ചു. അതിനുശേഷം 60 വര്‍ഷം മുമ്പ് ഓട് മേഞ്ഞിരുന്ന മേല്‍ക്കൂര മാറ്റി ആസ്ബറ്റോസ് ഷീറ്റ് സ്ഥാപിച്ചതൊഴിച്ചാല്‍ സംസ്ഥാന രൂപീകരണത്തിനു ശേഷം സര്‍ക്കാരുകള്‍ യാതൊരു അറ്റക്കുറ്റ പണികളും ചെയ്തിട്ടില്ല. കടുത്ത കാറ്റിനെയും മഴയെയും മഞ്ഞിനെയും വേനലിനെയും അതിജീവിച്ചുകൊണ്ട് കരിങ്കല്ലിൽ നിര്‍മിച്ച കെട്ടിടം നൂറ് വർഷത്തിനിപ്പുറവും തലയെടുത്ത് നിൽക്കുകയാണ്.

Last Updated : Aug 15, 2021, 2:43 PM IST

ABOUT THE AUTHOR

...view details