ഇടുക്കി : മൂന്നാര്‍ നെറ്റിക്കുടി സെന്‍റര്‍ ഡിവിഷനില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് സമീപം രക്തക്കറകള്‍ കണ്ടത് പരിഭ്രാന്തി പരത്തി. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. രക്തസാമ്പിളുകളുടെ പരിശോധന ഫലവും പ്രദേശത്തു പതിഞ്ഞ വന്യജീവിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ സംബന്ധിച്ച വിവരങ്ങളും ലഭിച്ചാല്‍ മാത്രമെ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നാണ് പരിശോധനാ സംഘം നല്‍കുന്ന വിവരം.
തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് സമീപം രക്തക്കറ - ഇടുക്കി വാര്‍ത്തകള്‍
രക്തസാമ്പിളുകളുടെ പരിശോധന ഫലവും പ്രദേശത്തു പതിഞ്ഞ വന്യജീവിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ പരിശോധനാ സംഘം ശേഖരിച്ചു.
രാവിലെ ആറുമണിയോടെ പുറത്തിറങ്ങിയ തൊഴിലാളികളാണ് ലയങ്ങളുടെ സമീപത്തും പ്രധാന റോഡിലും രക്തക്കറ കണ്ടെത്തിയത്. നെറ്റിക്കുടി ലോയര്‍ ഡിവിഷന്‍ മുതല്‍ സെന്‍റര്‍ ഡിവിഷന്‍ വരെയുള്ള വിവിധ ഭാഗങ്ങളില്‍ രക്തം പടര്‍ന്നതായി കണ്ടെത്തി. ഇതോടെ ലയങ്ങളില്‍ താമസിച്ച് വന്നിരുന്ന കുടുംബങ്ങള്‍ പരിഭ്രാന്തരായി. ഏതെങ്കിലും വിധത്തിലുള്ള വന്യജീവിയാക്രമണമുണ്ടായതിനിടയിലാണോ രക്തം പടര്‍ന്നതെന്ന കാര്യം പൊലീസും വനംവകുപ്പും അന്വേഷിക്കുന്നുണ്ട്. പ്രദേശത്ത് ആദ്യമായിട്ടാണിത്തരം സംഭവം അരങ്ങേറുന്നതെന്നാണ് താമസക്കാരായ കുടുംബങ്ങള്‍ നല്‍കുന്ന വിവരം.