ഇടുക്കി: നെടുങ്കണ്ടം കരുണ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കൊവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെൻ്റ് സെൻ്ററിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്. കരുണ ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെൻ്റ് സെൻ്ററിലെ 11 ആരോഗ്യ പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സെന്‍റർ നിർത്തലാക്കാൻ നീക്കം നടക്കുന്നത്. ഹൈറേഞ്ച് മേഖലയിൽ 10 പഞ്ചായത്തുകൾ ആശ്രയിക്കുന്ന കൊവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെൻ്റ് സെൻ്ററാണിത്. ഇതിനു മുൻപും കരുണ ആശുപത്രിയിലെ കോവിഡ് കെയർ സെൻ്റർ അടച്ചുപൂട്ടാൻ സർക്കാർ നിർദേശം നൽകിയിരുന്നു. മന്ത്രി എം.എം.മണി ഇടപെട്ടാണ് അന്ന് ഈ നീക്കം തടഞ്ഞത്.
കൊവിഡ് സെൻ്റർ പ്രവർത്തനം അവസാനിപ്പിക്കാൻ നീക്കം; എതിർത്ത് ബ്ലോക്ക് പഞ്ചായത്ത്
11 ആരോഗ്യ പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സെന്‍റർ നിർത്തലാക്കാൻ നീക്കം നടക്കുന്നത്
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ അഞ്ച് ഡോക്‌ടർമാരുടെ പ്രത്യേക സംഘം രണ്ടു ടീമുകളായിട്ടാണ് പ്രവർത്തനം നടത്തിയിരുന്നത്. പഞ്ചായത്തിന്‍റെ സഹായത്തോടെ അറ്റകുറ്റപണികൾ നടത്തി കെട്ടിടം നവീകരിച്ച ശേഷം വെള്ളം, വൈദ്യുതി കണക്ഷൻ എന്നിവ പുനസ്ഥാപിച്ചു പ്രവർത്തനങ്ങൾ ഏകോപിച്ച് വരുന്നതിനിടെയാണ് അടക്കാൻ നിർദേശം എത്തിയത്. സെൻ്ററിൻ്റെ പ്രവർത്തനം നിർത്തിയാൽ മേഖലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുമെന്ന് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് തെക്കേൽ പറഞ്ഞു. മന്ത്രി എം.എം.മണി വിഷയത്തിൽ ഇടപെടണമെന്നും സെൻ്റർ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്‌ടറുമായി ചർച്ച നടത്തിയതായും ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അറിയിച്ചു.