ഇടുക്കി: ഇടുക്കി വനം കൊള്ളയുടെ പരീക്ഷണശാലയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എൻ രാധാകൃഷ്ണൻ. ചിന്നക്കനാൽ മുത്തമ്മ കോളനിയിൽ അനധികൃതമായി മരംമുറിനടന്ന പ്രദേശം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി വനം കൊള്ളയുടെ പരീക്ഷണശാല: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സംസ്ഥാനത്തെമ്പാടുമായി ആയിരം കോടിയുടെ വനംകൊള്ളയാണ് നടന്നത്. മരംമുറി കേസിൽ എൽഡിഎഫും യുഡിഎഫും ഒത്തുകളിക്കുകയാണ്. കേരളത്തിലെ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ ഒഴിഞ്ഞുമാറാൻ കഴിയില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് കേരളത്തിലെ ഇടതുമുന്നണി വനം കൊള്ളക്കാരിൽ നിന്ന് എത്ര രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് വെളിപ്പെടുത്തണമെന്ന് രാധാകൃഷ്‌ണൻ പറഞ്ഞു.
Also Read: 'കേന്ദ്രവും സംസ്ഥാനവും കൊള്ളയടിക്കുന്നു' ; ഇന്ധനവിലയില്‍ യുഡിഎഫ് എംപിമാരുടെ ധര്‍ണ
യുഡിഎഫിന്‍റെ ഭരണകാലത്ത് ഇടുക്കി ജില്ലയിൽ മാത്രം ഇരുപതോളം തടിമില്ലുകൾ സ്ഥാപിക്കാൻ അനുമതി നൽകി. സംസ്ഥാനത്തെമ്പാടുമായി നടന്ന വനംകൊള്ളയെക്കുറിച്ച് ബിജെപി സമാന്തര സംവിധാനത്തിലൂടെ അന്വേഷണം നടത്തി റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിനു കൈമാറും. ഈ മാസം പതിനാറാം തീയതി സംസ്ഥാനത്തെ പതിനായിരം കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്‍റ് കെ.എസ് അജി, ജില്ലാ ജനറൽ സെക്രട്ടറി വി.എൻ.സുരേഷ്, ന്യൂനപക്ഷ മോർച്ച അഖിലേന്ത്യ ഉപാധ്യക്ഷൻ അഡ്വ. സാബു വർഗീസ്, സംസ്ഥാന സമിതിയംഗം ബിനു ജെ. കൈമൾ, എൻ. ഹരി, വിഷ്‌ണു പുതിയടത്ത്, മനോജ് അടിമാലി, ജാനകി രാമൻ, ജോഷി, കനകരാജ് എന്നിവരും സംസ്ഥാന ഉപാധ്യക്ഷന് ഒപ്പമുണ്ടായിരുന്നു. ഇടുക്കി ചെമ്മണ്ണാറിലും എ.എൻ രാധാകൃഷ്ണൻ സന്ദർശനം നടത്തി.