ഇടുക്കി: രാഷ്ട്രീയ ചുവട് മാറ്റങ്ങള്‍ക്കും കടുത്ത പോരാട്ടാത്തിനും വേദിയാകുന്ന ബൈസണ്‍വാലിയില്‍ ഇത്തവണയും കടുത്ത ത്രികോണ മത്സരമാണ് നടക്കാൻ പോകുന്നത്. കാര്‍ഷിക കുടിയേറ്റ ഗ്രാമമാണ് ബൈസണ്‍വാലി. ഇവിടെ വിജയമുറപ്പിക്കാന്‍ ഇടത്, വലത്, എന്‍ഡിഎ മുന്നണികള്‍ പ്രചാരണം സജീവമാക്കിയിരിക്കുകയാണ്. കേരളാ കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള പഞ്ചായത്തില്‍ ജോസ്, ജോസഫ് വിഭാഗങ്ങളില്‍ ആര്‍ക്ക് കൂടുതല്‍ വോട്ട് ലഭിക്കുമെന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജനങ്ങൾ ഉറ്റുനോക്കുന്നത്.
ബൈസണ്‍വാലി ഇത്തവണയും ത്രികോണ മത്സരത്തിലേക്ക് - Bison Valley Election
കേരളാ കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള പഞ്ചായത്തില്‍ ജോസ്, ജോസഫ് വിഭാഗങ്ങളില്‍ ആര്‍ക്ക് കൂടുതല്‍ വോട്ട് ലഭിക്കുമെന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജനങ്ങൾ ഉറ്റുനോക്കുന്നത്
2010ൽ 13 വാര്‍ഡുകളില്‍ പതിനൊന്നും യുഡിഎഫിന് ലഭിച്ചപ്പോള്‍ രണ്ട് സീറ്റ് മാത്രം കിട്ടിയ എല്‍ഡിഎഫ് കേരളാ കോണ്‍ഗ്രസിന്‍റെ ഇടത് പാളയത്തിലെത്തി ഭരണം പിടിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങൾ വീണ്ടും യുഡിഎഫിനൊപ്പം നിന്നു. കേരളാ കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമായ പഞ്ചായത്തില്‍ ജോസ് വിഭാഗം കൂടെയുള്ളതാണ് ഇടതുപക്ഷത്തിന്‍റെ വിജയ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ തവണ മൂന്ന് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തിയ എന്‍ഡിഎ ഇത്തവണ 10 വാർഡുകളിൽ സ്ഥാനാർഥികളെ നിര്‍ത്തിയിട്ടുണ്ട്. അഞ്ച് വാര്‍ഡുകളില്‍ വിജയമുറപ്പാക്കാന്‍ കഴിയുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. ത്രികോണ മത്സരത്തിന് ബൈസണ്‍വാലി വേദിയാകുമ്പോള്‍ ജനങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യം ഏറെ പ്രസക്തമാണ്. ഭരണ തുടര്‍ച്ചയ്ക്കായി യുഡിഎഫും, അധികാരത്തിലെത്താന്‍ എല്‍ഡിഎഫും, കരുത്ത് തെളിയിക്കാൻ എന്‍ഡിഎയും ശക്തമായ പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.