ഇടുക്കി :വെള്ളയാംകുടിയില്‍ ട്രാൻസ്ഫോർമർ വേലിക്കുള്ളിൽ ബൈക്ക് വീണ് തലകീഴായി കുടുങ്ങിയ സംഭവത്തിൽ കർശന നിയമ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അപകടത്തിൽപ്പെട്ട ബൈക്ക് ഓടിച്ചിരുന്ന വലിയകണ്ടം സ്വദേശി വിഷ്‌ണു പ്രസാദിന്‍റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് ആർടിഒ പി.എ നസീർ അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന് പുറമേ കെഎസ്‌ഇബിയുടെ പരാതിയിൽ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസും വിഷ്‌ണു പ്രസാദിനെതിരെ കേസെടുത്തിട്ടുണ്ട്.
മത്സര ഓട്ടത്തിനെതിരെ നടപടി ശക്തമാക്കും :നടന്നത് മത്സര ഓട്ടമാണെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തൽ. സിസിടിവി ദൃശ്യങ്ങളിൽ അമിത വേഗതയിലാണ് അപകടമുണ്ടായ ബൈക്കും മറ്റ് രണ്ട് ബൈക്കുകളും എത്തിയതെന്ന് പി.എ നസീർ പറഞ്ഞു. അപകടത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ കട്ടപ്പന ഡിവൈഎസ്‌പി വി.എ നിഷാദ്‌മോന് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ മത്സരയോട്ടത്തിൽ പങ്കെടുത്ത 2 ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഈ വാഹനങ്ങളും ആർടിഒ പരിശോധിച്ചു.