ഇടുക്കി: കൊവിഡ് 19 ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയപ്പോൾ സമ്മിശ്ര കൃഷിയിലൂടെ വിജയം കൊയ്യുകയാണ് ഇടുക്കി പമ്പാടുംപാറ സ്വദേശിയായ ബിജു. കർഷകനായ ബിജുവിൻ്റെ കൊവിഡ് കാല വിജയം ആരെയും അതിശയിപ്പിക്കുന്നതാണ്. കേരള സർക്കാരിന്‍റെ കർഷകത്തോമ പുരസ്കാര ജേതാവുകൂടിയാണ് ഈ കർഷകൻ.
സമ്മിശ്ര കൃഷിയിലൂടെ വിജയം കൊയ്ത് പമ്പാടുംപാറ സ്വദേശി ബിജു - കൊവിഡ്
കേരള സർക്കാരിന്‍റെ കർഷകത്തോമ പുരസ്കാര ജേതാവുകൂടിയാണ് ഈ കർഷകൻ
ഫോട്ടോ ഗ്രാഫരായിരുന്ന ബിജുവും ഭാര്യയും കൃഷിയിലേക്ക് ചുവടു മാറ്റിയിട്ട് 15 വർഷമായി. സമ്മിശ്ര കൃഷി രീതിയാണ് നടത്തുന്നത്. വിവിധ ഇനത്തിൽപ്പെട്ട ആടുകൾ, കോഴി, പശു, പക്ഷികൾ തുടങ്ങി ഏലവും കാപ്പിയും കുരുമുളകും പഴവർഗങ്ങളും പച്ചക്കറികളുമടക്കം ഈ കർഷകൻ്റെ കൃഷിയിടത്തിലില്ലാത്തതായി ഒന്നുമില്ല. കൊവിഡ് പ്രതിസന്ധി ബാധിച്ചേക്കുമെന്ന് ഭയം ഉണ്ടായിരുന്നു. എന്നാൽ ലോക്ക് ഡൗണിൽ ഫാമിലെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരേറി. ഇതുവരെ ഉണ്ടായതിൽ ഏറ്റവും ലാഭം ഈ അഞ്ച് മാസത്തിനിടയിൽ നേടാനായി. കാൽ കോടിയോളം രൂപയുടെ ലാഭമാണ് ഈ ദമ്പതിമാർക്ക് കൊവിഡ് കാലം സമ്മാനിച്ചത്.
സ്വദേശിയും വിദേശിയുമായ വിവിധയിനത്തിൽപ്പെട്ട ആടുകൾ ബിജുമോന്‍റെ ഫാമിലുണ്ട്. കരിങ്കോഴി വളർത്തലാണ് മറ്റൊരു പ്രധാന കൃഷി. വിവിധയിനം പഴവർഗങ്ങളും പച്ചക്കറികളും ഫാമിൽ വളരുന്നുണ്ട്. ലാഭം ഉള്ളതു മാത്രം നോക്കി കൃഷി ചെയ്യാതെ എല്ലാം ഉൾപ്പെടുന്ന കൃഷി രീതി പ്രതിസന്ധിഘട്ടങ്ങളിൽ പ്രയോജനകരമാകുമെന്ന് ബിജുമോൻ തന്‍റെ കൃഷിയിലൂടെ തെളിയിക്കുന്നു. ഈ കുടുംബത്തിൻ്റെ കാർഷികപ്പെരുമയെ മാതൃകയാക്കി ജില്ലയിൽ ആയിരക്കണക്കിന് കുടുംബങ്ങളിലാണ് കൊവിഡ് കാല കൃഷികൾ ആരംഭിച്ചിട്ടുള്ളത്.