ഇടുക്കി :കുളത്തിന്‍റെ കരാർ കാലാവധി നീട്ടി നൽകാമെന്നും വ്യാജ മിനിറ്റ്സ് തയ്യാറാക്കി നൽകാമെന്നും വാഗ്‌ദാനം ചെയ്‌ത് കരാറുകാരന്‍റെ പക്കൽനിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ബിഡിഒയും എക്‌സ്റ്റന്‍ഷന്‍ ഓഫിസറും വിജിലൻസ് പിടിയിലായി. സംഭവത്തിൽ നെടുങ്കണ്ടം ബ്ലോക്ക് ഡെവലപ്പ്മെന്‍റ് ഓഫിസർ ഷൈമോൻ ജോസഫ്, എക്സ്റ്റൻഷൻ ഓഫിസർ നാദിർഷ എന്നിവരെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്‌തത്.
പിടിയിലായത് വീട്ടിലെത്തി തുക വാങ്ങുന്നതിനിടെ
കള്ളിമാലി കാർഷിക ജലസേചന പദ്ധതിയുടെ കീഴിൽ കുളം നിർമിക്കുന്നതിന് രാജാക്കാട് സ്വദേശി 2019ൽ അഞ്ച് സെന്‍റ് വസ്‌തു നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന് സൗജന്യമായി എഴുതി നൽകിയിരുന്നു. ഈ വസ്‌തുവിൽ ബ്ലോക്ക് പഞ്ചായത്തും തൊടുപുഴ ഇറിഗേഷൻ വകുപ്പും ചേർന്ന് 25 ലക്ഷം രൂപ മുടക്കി കുളം നിർമിക്കാന്‍ കരാർ ആയി. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്‌തു.
2020 ഫെബ്രുവരിയിൽ കുളത്തിന്‍റെ നിർമാണം ആരംഭിച്ചു. കുളം കുഴിച്ചുതീർന്നെങ്കിലും ചുറ്റുമുള്ള കോൺക്രീറ്റ് ജോലികൾ കൊവിഡും മറ്റും കാരണം പൂർത്തിയായില്ല. ഇതേതുടർന്ന് നെടുങ്കണ്ടം ബിഡിഒ ഷൈമോൻ ജോസഫ് സ്ഥലം സന്ദർശിച്ചു. പദ്ധതി കൊണ്ട് വ്യക്തിപരമായ ലാഭം സ്ഥലം ഉടമയ്ക്കാണെന്നും കുളത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് ഉപഭോക്താക്കളായ കർഷകരുടെ മീറ്റിങ് വിളിക്കണമെന്നും ഷൈമോൻ ആവശ്യപ്പെട്ടു.