ഇടുക്കി:വട്ടവട ഗ്രാമപഞ്ചായത്തിലെ ആദിവാസി ഗ്രാമമായ സ്വാമിയാറളക്കുടിയടക്കമുള്ള പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടി വേണമെന്ന് ആവശ്യം. റോഡുകളുടെ ശോചനീയാവസ്ഥക്കൊപ്പം ടെലിഫോണ്‍ സംവിധാനത്തിന്‍റെ അഭാവവും നാട്ടുകാരെ വലക്കുന്നു.
അടിസ്ഥാന സൗകര്യവികസനമില്ലാതെ വട്ടവടയിലെ ആദിവാസി ഗ്രാമങ്ങൾ
വികസനം കാത്ത് ചിലന്തിയാര്‍-കാന്തല്ലൂര്‍ പാത. മൊബൈല്‍ ടവര്‍ നിര്‍മാണവും അനിശ്ചിതാവസ്ഥയില്‍
വട്ടവട ഗ്രാമപഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ആദിവാസി ഊരുകളാണ് സ്വാമിയാറളക്കുടി, വഴ്ത്തിപ്പട്ടികുടി, കീഴ്‌വഴ്ത്തിപ്പട്ടിക്കുടി, കുടല്ലാര്‍കുടി തുടങ്ങിയവ. മുൻ എംപി ഫ്രാന്‍സിസ് ജോര്‍ജിന്‍റെ കാലത്ത് നിര്‍മിച്ച ചിലന്തിയാര്‍ മുതല്‍ കാന്തല്ലൂര്‍ വരെയുള്ള പാത ഈ ഗോത്രമേഖലയിലൂടെയാണ് കടന്നു പോകുന്നത്. പക്ഷേ പാത പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. രോഗികളെ പലപ്പോഴും ചുമന്ന് ആശുപത്രികളില്‍ കൊണ്ടുപോകേണ്ട സാഹചര്യമാണെന്നാണ് നാട്ടുകാരുടെ പരാതി. മെച്ചപ്പെട്ട ചികിത്സാ സൗകര്യത്തിനായി അടിമാലിയിലോ കോട്ടയത്തോ പോകേണ്ടിവരുന്നതും നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. മൊബൈല്‍ ടവര്‍ നിര്‍മിക്കുന്ന നടപടികള്‍ വനംവകുപ്പുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങികിടക്കുകയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ പോലും ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.