ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിക്കല്‍ വീണ്ടും പ്രതിസന്ധിയിലാകുന്നു. ചന്ദനം ഒഴികെയുളള്ള മരങ്ങള്‍ മുറിക്കാമെന്ന ഉത്തരവ് റദ്ദ് ചെയ്ത് കൊണ്ട് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കി. പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുളള്ള മരങ്ങള്‍ മുറിക്കുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതില്ലെന്നും മരങ്ങളുടെ ഉടമസ്ഥാവകാശം കര്‍ഷകനാണെന്നും വ്യക്തമാക്കുന്ന ഉത്തരവാണ് റദ്ദ് ചെയ്തത്.
പട്ടയ ഭൂമിയിലെ മരം മുറിക്കല്‍ വീണ്ടും പ്രതിസന്ധിയില്‍; ആശങ്കയോടെ കർഷകർ
മരം മുറിക്കല്‍ പ്രതിസന്ധിയ്ക്ക് പരിഹാരമാകുന്നതായിരുന്നു 2020 ഒക്ടോബര്‍ 24ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്
കാലങ്ങളായി ഇടുക്കി ഹൈറേഞ്ചിലടക്കം നിലനിന്നിരുന്ന മരം മുറിക്കല്‍ പ്രതിസന്ധിയ്ക്ക് പരിഹാരമാകുന്നതായിരുന്നു 2020 ഒക്ടോബര്‍ 24ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്. പട്ടയ ഭൂമിയില്‍ നട്ടു വളര്‍ത്തിയതും തനിയെ വളർന്നു വന്നതുമായ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കുന്നതിന് അനുവാദം നല്‍കുകയും മരത്തിന്‍റെ ഉടമസ്ഥാവകാശം കര്‍ഷകനാണെന്ന് വ്യക്തമാക്കുന്നതുമായിരുന്നു ഉത്തരവ്. ഇത്തരം മരങ്ങള്‍ മുറിക്കുന്നതിന് ആരുടേയും അനുമതി മുന്‍കൂട്ടി വാങ്ങേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായി ഇല്ലാതാക്കുന്നതാണ് പുതിയ ഉത്തരവ്.
മരം മുറിക്കാന്‍ അനുമതി നല്‍കിയിറക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് നിരവധി കേസുകള്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. കൂടാതെ 1986ലെ കേരളാ പ്രിസര്‍വേഷന്‍ ഓഫ് ട്രീസ് ആക്ടിലെ ട്രീ എന്നതിന്‍റെയും 2005 ലെ കേരള പ്രമോഷന്‍ ഓഫ് ട്രീ ഗ്രോത്ത് ഇന്‍ നോണ്‍ ഫോറസ്റ്റ് ഏരിയാ ആക്ടിലെ സ്‌പെഷ്യൽഡ് ട്രീ എന്നതിന്‍റെയും നിര്‍വ്വചനങ്ങളും നിയമങ്ങളും 1964ലിലെ ഭൂ പതിവ് ചട്ടങ്ങളില്‍ നിന്ന് വിഭിന്നമാണ്. അതുകൊണ്ട് തന്നെ അനുമതി നല്‍കി പുറത്തിറക്കിയ ഉത്തരവിനെ തെറ്റായി വ്യഖ്യാനിക്കുകയും ഇതുമൂലം റിസര്‍വ്വ് ചെയിതിരുന്ന മരങ്ങളും മുറിക്കുന്നതായുള്ള പരാതി സര്‍ക്കാരിന്‍റെ ശ്രദ്ദയില്‍പ്പെട്ടതിനാലുമാണ് പഴയ ഉത്തരവ് റദ്ദ് ചെയ്തിരിക്കുന്നതെന്നാണ് പുതിയ ഉത്തരവ് വ്യക്തമാക്കുന്നത്. ഇതോടെ മലയോര മേഖലയിലടക്കം വീട് വയ്ക്കുന്നതിന് പോലും ഇനി മരങ്ങള്‍ മുറിക്കുന്നതിന് അനുമതി ആവശ്യമായി വരും.