പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പ്രതികരണം ഇടുക്കി:മൂന്നേകാൽ കോടി രൂപ ചിലവഴിച്ച് നിർമിക്കാൻ പദ്ധതിയിട്ട അയ്യപ്പൻകോവിൽ തോണിത്തടി ചെക്ക്ഡാം നിർമാണത്തിന്‍റെ കരാർ കാലാവധി അവസാനിച്ചു. പദ്ധതി പുനരുജ്ജീവിപ്പിക്കാൻ നിരവധി ചർച്ചകൾ മന്ത്രി തലങ്ങളിൽ അടക്കം തുടരുമ്പോഴും ഡാം സേഫ്റ്റി അതോറിറ്റിയുടെ എതിർപ്പിൽ ചെക്ക് ഡാം നിർമാണം അനിശ്ചിതത്വത്തിലാണ്.
അയ്യപ്പൻകോവിൽ, കാഞ്ചിയാർ, കട്ടപ്പന വില്ലേജുകളുടെ പരിധിയിൽ ആലടി കുരിശുമല ശുദ്ധജല കുടിവെള്ള പദ്ധതി പ്രയോജനപ്പെടുത്തി കുടിവെള്ളമെത്തിക്കുന്നതിനായിട്ടാണ് പെരിയാറിന് കുറുകെ തടയണ നിർമിക്കാൻ പദ്ധതി ഇട്ടത്. ഇതിനായി കിഫ്ബിയിൽ നിന്നും 3.25 കോടി രൂപ ചിലവഴിച്ച് മലപ്പുറം സ്വദേശിയായ കരാറുകാരൻ കഴിഞ്ഞ മെയ് മാസത്തിൽ പ്രാഥമികഘട്ട നിർമാണവും ആരംഭിച്ചിരുന്നു.
എന്നാൽ, നിർമാണത്തിനെതിരെ ഡാം സേഫ്റ്റി അതോറിറ്റി സ്റ്റോപ്പ് മെമോ നൽകിയതോടെ നിർമാണം മുടങ്ങി. കൂടാതെ കെഎസ്ഇബിയും എതിർപ്പുമായി രംഗത്ത് വരികയും പൊലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു. തുടർന്ന്, വിഷയത്തിൽ എംഎൽഎ-മന്ത്രി തലത്തിൽ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ തന്നെയാണ് 2022 ഡിസംബർ 16-ാം തിയതി നിർമാണ കരാർ കാലാവധി അവസാനിച്ചത്.
ഇതോടെ പഴയ കരാർ പ്രകാരം ഇനി തടയണ നിർമിക്കാൻ സാധിക്കുകയില്ല. അതേസമയം, വിഷയത്തിൽ ചർച്ച നടക്കുകയാണെന്നും, അനുകൂല നിലപാട് ഉണ്ടാകുമെന്നും കരാർ നീട്ടി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് ഗ്രാമപഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം.
തടയണ നിർമിക്കുന്നതിന് ഉദ്ദേശിച്ചിരിക്കുന്ന സ്ഥലത്തെ സംബന്ധിച്ചുള്ള തർക്കമാണ് പദ്ധതിക്ക് പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. കരാറുകാരൻ 15 ലക്ഷം രൂപ സർക്കാരിൽ കെട്ടിവച്ചാണ് നിർമാണം ആരംഭിച്ചത്. കൂടാതെ, താത്‌കാലികമായി ഷെഡ്ഡ് നിർമിക്കുകയും മണൽ ചാക്ക് കൊണ്ട് താത്‌കാലിക ബണ്ട് നിർമിക്കുകയും തൊഴിലാളികൾക്കുള്ള ശമ്പളം നൽകിയതുമുൾപ്പെടെ കരാറുകാരന് ഭീമമമായ നഷ്‌ടമുണ്ടായിട്ടുണ്ട്.
ഒപ്പം സാധന സാമഗ്രികളുടെ വില വർധനവിൽ പഴയ എസ്റ്റിമേറ്റിൽ നിർമാണം തുടരാനും സാധിക്കില്ല. പദ്ധതി നേരിടുന്ന പ്രതിസന്ധിയെ തുടർന്ന് നിരവധി ചർച്ചകൾ നടന്നിരുന്നു. എന്നാൽ, അവയൊന്നും കാര്യക്ഷമമായില്ലെന്നും മന്ത്രി റോഷി ആഗസ്റ്റിൻ ഉൾപ്പെടെ കാര്യത്തിൽ ഗൗരവമായി ഇടപെടൽ നടത്തണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
ഈ മാസം വിഷയം സംബന്ധിച്ച് ചർച്ച നടക്കുമെന്നും, പദ്ധതിക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നുമാണ് വാട്ടർ അതോറിറ്റി നൽകുന്ന വിശദീകരണം.