ഇടുക്കി: ഓട്ടോമാറ്റിക് ഹാന്‍ഡ് വാഷ് ഡിസ്‌പെന്‍സര്‍ നിര്‍മിച്ച് അടിമാലിയിലെ വിദ്യാര്‍ഥികൾ. അടിമാലി ആയിരമേക്കര്‍ സ്വദേശി എമില്‍ ഷാജിയും രാജാക്കാട് സ്വദേശി അര്‍ജുന്‍ സുഗതനുമാണ് കൊവിഡിനെ ' കൈ കഴുകി പടിക്ക് പുറത്തുനിര്‍ത്താന്‍' ലക്ഷ്യമിട്ട് ഓട്ടോമാറ്റിക് മെഷീനുമായി രംഗത്തെത്തിയത്. നിര്‍മാണം പൂര്‍ത്തീകരിച്ച മെഷീന്‍ ഇരുവരും ചേര്‍ന്ന് അടിമാലി പൊലീസ് സ്‌റ്റേഷന് കൈമാറി. പൊതുജനങ്ങൾക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ഇത് പൊലീസ് സ്റ്റേഷന് മുന്നില്‍ സ്ഥാപിച്ചു.
ഓട്ടോമാറ്റിക് ഹാന്‍ഡ് വാഷ് ഡിസ്‌പെന്‍സറുമായി വിദ്യാര്‍ഥികൾ
നിര്‍മാണം പൂര്‍ത്തീകരിച്ച ഓട്ടോമാറ്റിക് ഹാന്‍ഡ് വാഷ് ഡിസ്‌പെന്‍സര്‍ അടിമാലി പൊലീസ് സ്‌റ്റേഷന് കൈമാറി.
സെന്‍സര്‍ ഉപയോഗിച്ചാണ് മെഷീന്‍റെ പ്രവര്‍ത്തനം. മെഷീനുള്ളില്‍ സജ്ജമാക്കിയിട്ടുള്ള സ്ഥലത്ത് കൈ എത്തിച്ചാല്‍ സാനിറ്റൈസര്‍ തനിയെ കൈകളിലെത്തും. ലോക് ഡൗണ്‍ കാലത്തെ ചിന്തകളാണ് പോളിടെക്‌നിക് വിദ്യാര്‍ഥിയായ എമിലിനെയും ബിബിഎ വിദ്യാര്‍ഥിയായ അര്‍ജുനെയും ഓട്ടോമാറ്റിക് ഹാന്‍ഡ് വാഷ് ഡിസ്‌പെന്‍സര്‍ എന്ന ആശയത്തിലേക്കെത്തിച്ചത്. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റൈഡേഴ്‌സ് വിത്ത് വിംഗ്‌സെന്ന റൈഡേഴ്‌സ് ക്ലബ്ബ് ഇരുവര്‍ക്കും ആവശ്യമായ സാമ്പത്തിക സഹായം നല്‍കി. ആദ്യ മൂന്ന് തവണയും ശ്രമം പരാജയപ്പെട്ടെങ്കിലും അവസാനം വിജയം കാണുകയായിരുന്നു.