ഇടുക്കി:കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിഭാഗങ്ങളിലൊന്നാണ് ടാക്‌സി കാറുടമകള്‍. കൊവിഡ് ആശങ്ക പരന്നതോടെ ഓട്ടം കുറഞ്ഞതിനൊപ്പം കള്ള ടാക്‌സികളും അനധികൃത റെന്‍റ് കാറുകളും നിരത്തിലിറങ്ങിയത് പ്രതിസന്ധി ഉയര്‍ത്തുന്നുണ്ട്.
കള്ള ടാക്‌സികള്‍ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്‍റെ ഭാഗത്ത് നിന്നടക്കം ശക്തമായ ഇടപെടല്‍ വേണമെന്നാണ് ടാക്‌സി-കാറുടമകളുടെയും ജീവനക്കാരുടെയും ആവശ്യം. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് ലഭിച്ചെങ്കിലും ടാക്‌സി മേഖല ഇനിയും പഴയ പോലെ സജീവമായിട്ടില്ല. വല്ലപ്പോഴും ലഭിക്കുന്ന വരുമാനമാണ് പലരുടെയും ജീവനോപാധി.
ഇന്‍ഷുറന്‍സിനും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും ഉൾപ്പെടെ വലിയ തുക കണ്ടെത്തേണ്ടി വരുന്നുവെന്ന വെല്ലുവിളിയും ടാക്‌സി മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ അഭിമുഖീകരിക്കുന്നുണ്ട്. ചെലവ് താങ്ങാനാവാതെ പലരും വാഹനങ്ങള്‍ ഒതുക്കിയിടുകയോ തൊഴില്‍ മേഖല തന്നെ ഉപേക്ഷിക്കുകയോ ചെയ്യുകയാണ്. കള്ള ടാക്‌സികള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നല്‍കിയിട്ടും മതിയായ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കൊവിഡ് ആശങ്കയൊഴിഞ്ഞ് വിനോദ സഞ്ചാരമേഖല ഉള്‍പ്പെടെ സജീവമായാലും കള്ള ടാക്‌സികളും അനധികൃത റെന്‍റ് കാറുകളും നിയന്ത്രിക്കാതെ പ്രതിസന്ധിക്ക് പൂര്‍ണ പരിഹാരമാവില്ലെന്നാണ് ടാക്‌സി കാറുടമകളുടെയും ജീവനക്കാരുടെയും വാദം.