ഇടുക്കി:രാജാക്കാട് ലോറി തടഞ്ഞുനിർത്തി ഡ്രൈവറെയും ക്ലീനറെയും ഗുണ്ടാസംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഡ്രൈവർ മാങ്ങാതൊട്ടി വാഴാട്ട് സ്വദേശി ജിഷ്ണുവിനും ക്ലീനർ വട്ടപ്പാറ മാരിക്കൽ ആശിഷിനുമാണ് ആക്രമണമേറ്റത്. ഡ്രൈവറെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തിലുണ്ടായിരുന്ന ഒരാളെ പൊലീസ് പിടികൂടി.
രാജാക്കാട് വാക്കാസിറ്റിക്ക് സമീപം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അടിമാലിയിൽ ലോഡ് ഇറക്കിയ ശേഷം മടങ്ങി വരുമ്പോഴായിരുന്നു ആക്രമണമെന്ന് രാജാക്കാട് പൊലീസ് പറയുന്നു. രാജാക്കാട് ബീവറേജസ് ഔട്ട്ലെറ്റിനു സമീപം വാഹനങ്ങളുടെ തിരക്ക് കാരണം ലോറി മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞില്ല. റോഡിനു സമീപം കൂട്ടം കൂടി നിന്ന സംഘത്തോട് മാറിനിൽക്കാൻ പറഞ്ഞതോടെ ഡ്രൈവർക്ക് നേരെ ഏതാനും യുവാക്കൾ പാഞ്ഞടുത്തു.
ലോറി തടഞ്ഞുനിർത്തി ഡ്രൈവർക്കും ക്ലീനർക്കും ഗുണ്ടാസംഘത്തിന്‍റെ ആക്രമണം ALSO READ:കടലും കായലും ഒന്നായപ്പോൾ ഈ ജീവനുകൾക്ക് നഷ്ടമായത് കിടപ്പാടവും ജീവിതവും
സംഘത്തിലുണ്ടായിരുന്ന യുവാവ് കത്തി പോലുള്ള ആയുധമെടുത്ത് വീശിയതോടെ ലോറി നിർത്താതെ ഡ്രൈവർ മുന്നോട്ടുപോയി. ഇതിനിടെ മൂന്ന് ഇരുചക്രവാഹനങ്ങളിൽ ആയി പിന്നാലെ വന്ന സംഘം വാക്കാസിറ്റിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ലോറി തടഞ്ഞു നിർത്തി. ഡ്രൈവർ ജിഷ്ണുവിനെ വലിച്ചിറക്കിയ ശേഷം ഒരാൾ കയ്യിൽ കരുതിയ കമ്പിവടി കൊണ്ട് തലയിൽ അടിച്ചു. ക്ലീനറായ ആശിഷിനെയും സംഘം മർദിച്ചു. ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ സംഘം രക്ഷപ്പെടുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന ഒരാളെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. മുൻ പൊലീസ് ഉദ്യോഗസ്ഥൻ്റ മകനും കഞ്ചാവ് കേസിലെ പ്രതിയുമായ യുവാവിന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നാണ് പരിക്കേറ്റ ജിഷ്ണു പറയുന്നത്. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് രാജാക്കാട് പൊലീസ് അറിയിച്ചു.