ഇടുക്കി: മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നിയമസഭ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ അമിത് സഞ്ചയ് ഗൗരവ്. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍, ദൈനംദിന റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ നിരീക്ഷകന്‍ പരിശോധിച്ചു. പെയ്‌ഡ് ന്യൂസ്, ഏകപക്ഷീയ വാര്‍ത്തകള്‍, മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള പരസ്യ പ്രസിദ്ധീകരണം, സംപ്രേഷണം എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കുക, ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍പ്പെടുത്തുക, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ നല്‍കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുക തുടങ്ങിയവയാണ് കമ്മിറ്റിയുടെ ചുമതലകള്‍.
നിയമസഭ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ എംസിഎംസി സന്ദര്‍ശിച്ചു - election update
തെരഞ്ഞെടുപ്പ് വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങളും നിയമസഭ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ അമിത് സഞ്ചയ് ഗൗരവ് പരിശോധിച്ചു
പത്രങ്ങള്‍, ടെലിവിഷന്‍, ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹമാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാ ശാലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യ ശ്രാവ്യ മാധ്യമ സങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ ഓഡിയോ പ്രദര്‍ശനം, ദിനപ്പത്രങ്ങളുടെ ഇ പേപ്പറുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കെല്ലാം മുന്‍കൂര്‍ അനുമതി തേടിയിരിക്കണം.
മാധ്യമ സ്ഥാപനങ്ങള്‍ എം.സി.എം.സിയുടെ അനുമതിയുള്ള പരസ്യ മാറ്ററുകള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. തെരഞ്ഞെടുപ്പ് വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങളും അമിത് സഞ്ചയ് ഗൗരവ് പരിശോധിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ എന്‍ആര്‍ വൃന്ദ ദേവി, ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്‍റ് എഡിറ്റര്‍ ബിജു എന്‍ബി, മീഡിയ സെല്‍ ഇലക്ഷന്‍ ജീവനക്കാര്‍ തുടങ്ങിയവരും സംബന്ധിച്ചു.