ഇടുക്കി: നേര്യമംഗലം ഇടുക്കി സംസ്ഥാന പാതയില്‍ മാലിന്യം നിക്ഷേപിച്ച് കടന്ന് കളയാന്‍ ശ്രമിച്ച മൂന്നു പേർ തലക്കോട് ഫോറസ്റ്റ് ചെക്കിംഗ് സ്‌റ്റേഷനില്‍ പിടിയിലായി. ചെക്കിംഗ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരും നഗരംപാറ ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാരും ചേര്‍ന്നാണ് മൂവർ സംഘത്തെ പിടികൂടിയത്.
പാതയോരത്ത് മാലിന്യം നിക്ഷേപിച്ച് കടന്ന് കളയാന്‍ ശ്രമിച്ചവർ പിടിയില്‍
നേര്യമംഗലം നാല്‍പ്പതേക്കര്‍ കോളനി ഭാഗത്തെ പാതയോരത്തായിരുന്നു മൂന്നംഗ സംഘം മാലിന്യം നിക്ഷേപിച്ച് കടന്ന് കളയാന്‍ ശ്രമിച്ചത്
മാലിന്യം എത്തിക്കുവാന്‍ ഉപയോഗിച്ച ടാങ്കര്‍ലോറിയും പിടിച്ചെടുത്തു. നേര്യമംഗലം നാല്‍പ്പതേക്കര്‍ കോളനി ഭാഗത്തെ പാതയോരത്തായിരുന്നു ഇവര്‍ മാലിന്യം നിക്ഷേപിച്ച് കടന്ന് കളയാന്‍ ശ്രമിച്ചത്. വാഹനത്തിലുണ്ടായിരുന്ന എറണാകുളം പഴത്തോട്ടം സ്വദേശി പാറപ്പുറം ഫ്രാന്‍സീസ്, എഴുപുറം സ്വദേശി മത്തിക്കുഴി രാജേഷ്, പട്ടിമറ്റം സ്വദേശി കുമ്മാട്ട് പുത്തന്‍പുരയില്‍ അജാസ് എന്നിവരാണ് പിടിയിലായത്. രാജേഷായിരുന്നു വാഹനം ഓടിച്ചിരുന്നത്. പ്രതികളേയും വാഹനത്തേയും ഊന്നുകല്‍ പൊലീസിന് കൈമാറി. വാഹനത്തില്‍ മീന്‍ മാലിന്യമായിരുന്നു ഉണ്ടായിരുന്നതെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി.
രാത്രികാല പരിശോധനക്കിടെ നരഗരംപാറ ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാര്‍ക്ക് പുലര്‍ച്ചെ 2.40ഓടെ തലക്കോട് ഫോറസ്റ്റ് ചെക്കിംഗ് സ്‌റ്റേഷനില്‍ നിന്നും ലഭിച്ച ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയത്. തുടർന്നാണ് പ്രതികളേയും വാഹനത്തേയും കസ്റ്റഡിയില്‍ എടുത്തത്. നഗരംപാറ ഫോറസ്റ്റ് സ്‌റ്റേഷന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.എന്‍ സഹദേവന്‍, ഒ.ഐ സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.പി മുജീവ്, അന്‍ജിത്ത് ശങ്കര്‍, ഫോറസ്റ്റ് വാച്ചര്‍മാരായ എം.കെ അനില്‍, കെ.എ അലികുഞ്ഞ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.