arikomban fans | അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്ന് ആവശ്യം; ഫാന്‍സുകാരെ തടഞ്ഞ് നാട്ടുകാര്‍ ഇടുക്കി: ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ഫാന്‍സുകാരെ തടഞ്ഞ് നാട്ടുകാര്‍. അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് ദേവികുളം ഡി എഫ് ഒ ഓഫീസിലേയ്ക്ക് സമരം നടത്തുന്നതിന് മുന്നോടിയായാണ് അരിക്കൊമ്പൻ ഫാൻസ് സംഘം ചിന്നക്കനാലില്‍ എത്തിയത്. ഇതറിഞ്ഞെത്തിയ നാട്ടുകാര്‍ ഇവരെ തടയുകയായിരുന്നു.
തുടര്‍ന്ന് ഇവിടെ നിന്നും പോയ സംഘം നാട്ടുകാര്‍ക്കെതിരെ മൂന്നാര്‍ ഡിവൈഎസ്‌പിക്ക് പരാതി നല്‍കി.
ഞായറാഴ്‌ച(9.07.2023) ഉച്ചയോടെയാണ് രണ്ട് സ്ത്രീകളടക്കമുള്ള സംഘം ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയില്‍ എത്തിയത്. പ്രദേശത്തെത്തിയ സംഘത്തോട് നാട്ടുകാര്‍ സംസാരിക്കുന്നതിനിടയില്‍ അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്ന രീതിയില്‍ ഒരാള്‍ സംസാരിച്ചു.
സംഘടിച്ച് നാട്ടുകാർ:മുട്ടുകാട് സ്വദേശിയായ സുരേന്ദ്രനെന്ന വ്യക്തിക്കൊപ്പമാണ് ഫാൻസ് സംഘം എത്തിയത്. എന്നാല്‍, സുപ്രീം കോടതി പോലും തള്ളിയ അരിക്കൊമ്പന് വേണ്ടി ഇറങ്ങിയവര്‍ നാട്ടിലെ ജനങ്ങളെ കയ്യേറ്റക്കാരായി ചിത്രീകരിച്ച് കുടിയിറക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
അതേസമയം, സ്ഥലം സന്ദര്‍ശനത്തിനായി എത്തിയ തങ്ങളെ ഒരു പ്രകോപനവും ഇല്ലാതെ തടയുകയാണെന്നും റിസോര്‍ട്ട് മാഫിയയാണ് നാട്ടുകാരെ തങ്ങള്‍ക്കെതിരേ തിരിച്ചിരിക്കുന്നതെന്നും അരിക്കൊമ്പന്‍ ഫാന്‍സ് ആരോപിക്കുന്നു. അതേസമയം, അരിക്കൊമ്പന്‍ ഫാന്‍സെന്ന പേരില്‍ ഇറങ്ങിയിരിക്കുന്നവരുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
അരിക്കൊമ്പനെ തിരികെയെത്തിക്കണം എന്ന ആവശ്യവുമായി ഇവർ അടുത്ത ദിവസം മൂന്നാര്‍ ഡി എഫ് ഒ ഓഫീസിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് സൂചന. ഇതിനെതിരെ ചിന്നക്കനാലിലെ നാട്ടുകാര്‍ ഒന്നടങ്കം സംഘടിക്കുന്നതിന് തയ്യാറെടുക്കുകയാണ്.
പൊറുതി മുട്ടി സുപ്രീം കോടതി: ഇടുക്കിയിലെ ചിന്നക്കനാലില്‍ നിന്ന് പിടികൂടി തമിഴ്‌നാട്ടിലെ വനത്തില്‍ വിട്ടയച്ച അരിക്കൊമ്പനായുള്ള ഹര്‍ജികള്‍ സുപ്രീം കോടതിക്ക് തല വേദനയായിരിക്കുകയാണ്. ആഴ്‌ച തോറും അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഓരോ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെടുന്നുണ്ടെന്ന് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിമര്‍ശിച്ചു. അരിക്കൊമ്പനുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ ഹൈക്കോടതികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി വോക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വോക്കസി എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജി തള്ളുകയും വിഷയത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച് 25,000 രൂപ പിഴ ചുമത്തുകയും ചെയ്‌തിരുന്നു.
അരിക്കൊമ്പന്‍ വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ കേരള ഹൈക്കോടതിയുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി കഴിഞ്ഞ ദിവസവും ഇതുമായി ബന്ധപ്പെട്ട് ഒരു ഹര്‍ജി ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. അരിക്കൊമ്പന് സംരക്ഷണം ഒരുക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. തുടക്കത്തില്‍ തന്നെ ഹര്‍ജി പരിഗണിക്കാന്‍ വിമുഖത കാണിച്ച കോടതിയോട് ആനയെ കുറിച്ച് അറിയാന്‍ മാത്രമാണ് ഇത് നല്‍കിയതെന്നും പിന്നില്‍ മറ്റ് ഉദേശങ്ങള്‍ ഇല്ലെന്നും സംഘടനയുടെ അഭിഭാഷകന്‍ ദീപക് പ്രകാശ് വ്യക്തമാക്കിയിരുന്നു.
ആനയെ കുറിച്ച് അറിയുന്നതിന് തമിഴ്‌നാടിനോട് ചിത്രങ്ങളോ ദൃശ്യങ്ങളോ പുറത്ത് വിടാന്‍ ആവശ്യപ്പെടണമെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ അരിക്കൊമ്പനെ കുറിച്ച് അറിയണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണമെന്ന് ബെഞ്ച് ആവര്‍ത്തിച്ചു. ആന ഇപ്പോഴും സഞ്ചരിച്ച് കൊണ്ടിരിക്കുകയാണെന്നും നിലവില്‍ അരിക്കൊമ്പന്‍ കേരളത്തിലാണോ തമിഴ്‌നാട്ടിലാണോ എന്ന് അറിയില്ല, അതുകൊണ്ട് കേരള ഹൈക്കോടതിയിലാണോ തമിഴ്‌നാട് ഹൈക്കോടതിയിലാണോ ഹര്‍ജി നല്‍കേണ്ടതെന്ന കാര്യം വ്യക്തമല്ലെന്നും അഭിഭാഷകന്‍ ദീപക് പ്രകാശ് കോടതിയില്‍ പറഞ്ഞു.