ഇടുക്കി :ചിന്നക്കനാല്‍ വനമേഖലയില്‍ നിന്ന് അരിക്കൊമ്പനെ കാട് കടത്തിയിട്ട് നാല് മാസം പിന്നിട്ടു. ഒറ്റയാനായി ചിന്നക്കനാലിൽ കഴിഞ്ഞ അരിക്കൊമ്പൻ ഇപ്പോള്‍ രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടുന്ന കാട്ടാനക്കൂട്ടത്തോടൊപ്പമാണ് ഉള്ളത്. മുട്ടന്‍തുറൈ വനമേഖലയിലെ കോതയാറില്‍ പത്ത് കാട്ടാനകള്‍ക്കൊപ്പമാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളതെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം.
ജൂണ്‍ മുതല്‍ തന്നെ സിഗ്നല്‍ പരിധിക്കുള്ളിലാണ് അരിക്കൊമ്പന്‍ ഉള്ളത്. കോതയാറിലുള്ള ആനക്കൂട്ടവുമായി അരിക്കൊമ്പന്‍ ഇണങ്ങിയ സാഹചര്യത്തില്‍ അതിനെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ വാച്ചര്‍മാരുടെ എണ്ണം തമിഴ്‌നാട് കുറച്ചിട്ടുണ്ട്. കോതയാര്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായിട്ടുള്ള അഗസ്‌ത്യാര്‍കൂടം ബയോസ്‌ഫിയറില്‍ ഉള്ളതുകൊണ്ട് തന്നെ, ആന കേരള വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തമിഴ്‌നാട് വനം വകുപ്പ് തള്ളിക്കളയുന്നില്ല.
നേരത്തെ, അരിക്കൊമ്പന്‍ വിഹരിച്ചിരുന്ന ചിന്നക്കനാൽ 301 കോളനിയും പരിസര പ്രദേശങ്ങളും കാണാനായി മൃഗസ്‌നേഹികളുടെ സംഘം എത്തിയിരുന്നു. പ്രദേശവാസികള്‍ ഇവരെ അവിടെ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്‌തിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാള്‍, ആനയെ തിരികെ ചിന്നക്കനാലിലേക്ക് എത്തിക്കണമെന്ന അഭിപ്രായം ഉന്നയിച്ചതോടെ ഇവരും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റമുണ്ടായി.
ഈ സംഭവത്തിന് ശേഷം ഇവിടേക്ക് ആനപ്രേമികള്‍ വന്നിട്ടില്ലെന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്. അരിക്കൊമ്പന്‍റെ വിശേഷങ്ങള്‍ തിരക്കിയുള്ള ഫോൺ വിളികളും ഏറെക്കുറെ അവസാനിച്ചെന്നാണ് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.