ഇടുക്കി :ജില്ലയുടെവിവിധ മേഖലകളില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം തടഞ്ഞ ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍. രാജകുമാരി, ചിന്നക്കനാൽ, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. അരിക്കൊമ്പന്‍ ദൗത്യം തടഞ്ഞതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കുങ്കിത്താവളത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
അരിക്കൊമ്പനെ കൂട്ടിലടയ്‌ക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതിയുടെ തീരുമാനം അംഗീക്കാനാകാത്തതാണെന്ന് നാട്ടുകാര്‍ പറയുന്നു. വനം വകുപ്പിനെതിരെയും നാട്ടുകാര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ചിന്നക്കനാലില്‍ നാട്ടുകാര്‍ പാത ഉപരോധിച്ചു.
വനം വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം:ജനവാസ മേഖലയിലെത്തി നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടുമെന്ന് വാഗ്‌ദാനം ചെയ്‌ത് വനം വകുപ്പ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. വനം വകുപ്പിന്‍റേത് ഇരട്ടത്താപ്പാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. വനം വകുപ്പ് കാട്ടാനയെ പിടികൂടുമെന്ന് ജനങ്ങളോട് പറയുകയും ഈ ഭൂമി ഒഴിപ്പിച്ച് ആനയിറങ്കല്‍ നാഷണല്‍ പാര്‍ക്ക് എന്ന പ്രൊജക്‌റ്റ് എഴുതി ഗവണ്‍മെന്‍റിന് സമര്‍പ്പിക്കുകയും ചെയ്‌തിരിക്കുകയാണ്.
ഇത് വെളിച്ചത്ത് വരില്ലെന്നാണ് വനം വകുപ്പ് ചിന്തിച്ചത്. ഇതിനെല്ലാം മറുപടി ഗവണ്‍മെന്‍റും മുഖ്യമന്ത്രി പിണറായി വിജയനും പറയണമെന്നും നാട്ടുകാര്‍ പറഞ്ഞു. ആയിരക്കണക്കിന് ജനങ്ങളുടെ പരാതി നിലനില്‍ക്കെ വനം വകുപ്പ് സ്വീകരിച്ച നടപടിയാണിതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
അരിക്കൊമ്പനെ പിടികൂടുന്ന വിഷയത്തില്‍ അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. മിഷന്‍ അരിക്കൊമ്പന്‍ വൈകുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും ചിന്നക്കനാല്‍ 301 കോളനിയിലെ ജനങ്ങളെ ഒഴിപ്പിച്ചാല്‍ തീരുന്ന പ്രശ്‌നമല്ല ഇതെന്നും നാട്ടുകാര്‍ പറയുന്നു.