ഇടുക്കി : മൂന്നാറിൽ നിന്ന് 22 കിലോമീറ്റർ അകലെ ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലായി പന്നിയാർ പുഴയിലാണ് ആനയിറങ്കൽ അണക്കെട്ട്. ഒരു വശം വനമേഖലയാലും മറ്റുവശങ്ങൾ ടാറ്റയുടെ ടീ പ്ലാന്റേഷനാലും അണക്കെട്ട് ചുറ്റപ്പെട്ടിരിക്കുന്നു. കാലവർഷത്തിൽ മഴ കനത്ത് പെയ്യുമ്പോഴും പന്നിയാർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ആശങ്കയില്ലാതെ കോട്ട പോലെ സംരക്ഷണം ഒരുക്കുന്ന അണക്കെട്ടാണ് ആനയിറങ്കൽ.
കാളകൾ ചവിട്ടിക്കുഴച്ച പശമണ്ണ് ഉപയോഗിച്ച് നിർമിച്ച അണക്കെട്ടിൽ മണ്ണ് ഒലിച്ചുപോകാതിരിക്കാൻ കരിങ്കല്ലും അടുക്കിയിട്ടുണ്ട്. മതികെട്ടാൻ ചോല ദേശീയോദ്യാനം അടക്കം കാട്ടാനകളുടെ സ്ഥിരം താവളമാണ് ഇവിടം. വെള്ളം കുടിക്കാനായി ഡാമിന്‍റെ വൃഷ്‌ടി പ്രദേശങ്ങളിൽ ആനകൾ എത്തുന്നതിന്‍റെ പേരിലാണ് പഴമക്കാർ ഈ പ്രദേശത്തെ ആനയിറങ്കൽ എന്ന് വിളിച്ച് തുടങ്ങിയത്.
പഴയ ആനത്താരയുടെ ഭാഗമാണ് ഈ പ്രദേശമെന്നതിനാൽ ആനകൾ ഇവിടം വിട്ടുപോകാറില്ല. ആറ് കിലോമീറ്ററോളം വിസ്‌തൃതിയാണ് ഈ ജലാശയത്തിനുള്ളത്. ആനകളോടൊപ്പം മത്സ്യസമ്പത്തിന്‍റെ കാര്യത്തിലും പെരുമ നേടിയതാണ് ആനയിറങ്കൽ ജലാശയം. ഗോൾഡ് ഫിഷ്, കട്‌ല തുടങ്ങിയ മത്സ്യങ്ങൾ ഇവിടെ ധാരാളമുണ്ട്.