ഇടുക്കി:ദിവസങ്ങളായി ലഭിക്കുന്ന കനത്ത മഴയെ തുടർന്ന് ആനയിറങ്കൽ അണക്കെട്ട് പരമാവധി സംഭരണ ശേഷി പിന്നിട്ട് കവിഞ്ഞൊഴുകുവാൻ തുടങ്ങി. ഇതോടെ പന്നിയാർ പുഴയിലും ജലനിരപ്പ് ഉയർന്നതിനാൽ തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പന്നിയാർ പുഴയുടെ ഉത്ഭവസ്ഥാനത്ത് നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ട് പൊന്മുടി അണക്കെട്ടിൻ്റെ സഹായ അണക്കെട്ടാണ്. 35 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി 1207 മീറ്ററാണ്. ഇതും പിന്നിട്ട് 25 സെന്‍റീമീറ്റർ കൂടി ജലനിരപ്പ് ഉയർന്നതോടെയാണ് സ്‌പിൽവേയിലൂടെ പന്നിയാർ പുഴയിലേക്ക് വെള്ളം കവിഞ്ഞൊഴുകുവാൻ തുടങ്ങിയത്.
കുത്തുങ്കൽ, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ കുത്തുങ്കൽ, പൊന്മുടി എന്നി അണക്കെട്ടുകളിലേക്ക് വേനൽക്കാലത്ത് വെള്ളമെത്തിക്കുന്നതിനായി 1963ൽ നിർമ്മിച്ച സഹായ അണകെട്ടാണ് ആനയിറങ്കൽ അണക്കെട്ട്. വേനൽക്കാലത്തേയ്ക്കുള്ള വെള്ളത്തിന്‍റെ ഈ കരുതൽ ശേഖരം ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ പന്നിയാർ പുഴയിലെയും, പൊന്മുടി ഡാമിലെയും ജലനിരപ്പ് താഴുമ്പോൾ മാത്രമാണു തുറന്ന് വിടാറുള്ളത്.