ഇടുക്കി:ഊർജ ഉത്പാദനത്തിനൊപ്പം ഊർജ സംരക്ഷണത്തിനും വൈദ്യുത വകുപ്പ് പ്രാധാന്യം നൽകുന്നുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ചിലവാകുന്ന തുകയുടെ ഒരു ശതമാനം ചിലവാക്കിയാൽ അത്രയും വൈദ്യുതി സംരക്ഷിക്കാനാകും. അതിനാൽ വൈദ്യുതി സംരക്ഷണത്തിന് പ്രാധാന്യം നൽകിയാണ് കെഎസ്ഇബി എൽഇഡി ബൾബ് വിതരണം ഉൾപ്പെടെ വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, അതിഥി മന്ദിരം (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്‍റേഷന്‍ കണ്‍ട്രോള്‍ റൂം, റിയല്‍ ടൈം ഏര്‍ലി വാണിംങ് ഓഫ് സ്റ്റക്ച്ചറല്‍ ഹെല്‍ത്ത് മോണിറ്ററിംഗ് ആൻഡ് ഇന്‍റര്‍പ്രറ്റേഷന്‍ ഫോര്‍ ഡാംസ് (രശ്‌മി ഫോര്‍ ഡാംസ്) എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഊർജ ഉത്പാദനത്തിനൊപ്പം സംരക്ഷണത്തിനും പ്രാധാന്യം നൽകുന്നു: എം.എം. മണി - ഇടുക്കി കെഎസ്ഇബി വാർത്തകൾ
ഈ സർക്കാർ അധികാരത്തിൽ എത്തിയശേഷം സമ്പൂർണ വൈദ്യുതികരണം നടപ്പാക്കിയതിനൊപ്പം, പവർ കട്ട്, ലോഡ് ഷെഡിംഗ് എന്നിവ ഒഴിവാക്കാനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി
ഈ സർക്കാർ അധികാരത്തിൽ എത്തിയശേഷം സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കിയതിനൊപ്പം, പവർ കട്ട്, ലോഡ് ഷെഡിംഗ് എന്നിവ ഒഴിവാക്കാനും സാധിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇടുക്കിയിൽ രണ്ടാം ജലവൈദ്യുത നിലയത്തിനുള്ള സാധ്യതകൾ തേടുന്നുണ്ട്. കേന്ദ്ര ഏജൻസിയുടെ പരിശോധനകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജല-താപ വൈദ്യുതി ഉത്പാദന ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ സൗരോർജ വൈദ്യുതി ഉത്പാദനത്തിനും കെഎസ്ഇബി പ്രാധാന്യം നൽകുന്നുണ്ട്. ആയിരം മെഗാവാട്ടിന്‍റെ സൗരോർജ വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം വെക്കുന്നത്. സൗരോർജ രംഗത്ത് കേന്ദ്രികരിക്കാൻ ലക്ഷ്യം വച്ചുള്ള കർമപദ്ധതികളും കെഎസ്ഇബി നടപ്പാക്കുന്നുണ്ട്. ഗുണമേൻമയുള്ള വൈദ്യുതി തടസങ്ങളില്ലാതെ ഉപഭോക്താവിൽ എത്തിക്കാൻ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ് വൈദ്യുത ബോർഡ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
റോഷി അഗസ്റ്റിന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടിന്‍റു സുഭാഷ്, നിമ്മി വിജയൻ, കെഎസ്ഇബി ഡയറക്‌ടർ ബിബിൻ ജോസഫ്, ഡാം സേഫ്റ്റി ചീഫ് എഞ്ചിനിയർ സുപ്രീയ എസ്, കെഎസ്ഇബി ജനറേഷൻ ആന്‍റ് ഇലക്‌ട്രിക്കൽ ഡയറക്‌ടർ ആർ സുകു തുടങ്ങിയവര്‍ സംസാരിച്ചു.