ഇടുക്കി : ഉടമയെ അറിയിക്കാതെ സഹകരണ ബാങ്ക് അധികൃതര്‍, പണയംവച്ച സ്വര്‍ണം ലേലത്തില്‍ വിറ്റതായി പരാതി. ഇടുക്കി പട്ടംകോളനി സര്‍വീസ് സഹകരണ ബാങ്കിനെതിരെ രാമക്കല്‍മേട് സ്വദേശിയായ പൊന്നവിളയില്‍ സ്‌മിത പ്രദീപാണ് പരാതി ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ സ്വര്‍ണ പണയമാണ് ലേലത്തില്‍ വിറ്റതെന്നാണ് പരാതി.
തൂക്കുപാലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പട്ടംകോളനി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 2021 ഫെബ്രുവരിയിലാണ് ഇവര്‍ സ്വര്‍ണ പണയത്തിന്‍ മേല്‍ ഒരു ലക്ഷം രൂപ വായ്‌പ എടുത്തത്. ഈടായി മൂന്നര പവനോളം സ്വര്‍ണം നല്‍കി. പിന്നീട് രണ്ട് തവണയായി ഇരുപത്തി ഏഴായിരത്തോളം രൂപ തിരികെ അടച്ചു.
കഴിഞ്ഞ ദിവസം പണയം തിരികെ എടുക്കാന്‍ ചെന്നപ്പോള്‍ സ്വർണം ലേലം ചെയ്‌തതായി ബാങ്ക് അധികൃതര്‍ അറിയിക്കുകയായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് മുന്‍കൂട്ടി നോട്ടിസ് നല്‍കിയില്ലെന്നാണ് സ്‌മിതയുടെ ആരോപണം. അതേസമയം നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പണയസ്വര്‍ണം ലേലം ചെയ്‌തതെന്നാണ് ബാങ്ക് അധികൃതരുടെ വാദം.