ഇടുക്കി: ഭക്ഷണം കഴിക്കാൻ കൈയിൽ പണമില്ലാതെ വിഷമിക്കുന്നവർക്ക് ചൂടൻ തുമ്പപ്പൂ ചോറും ആറ് കൂട്ടം കറികളും തരുന്ന ഒരു അക്ഷയപാത്രമുണ്ട് ഇടുക്കി ജില്ലയിലെ മാങ്ങാത്തൊട്ടിയിൽ. വിശന്ന് വലയുന്ന ആർക്കും ഇവിടെ നിന്ന് സൗജന്യമായി വയറു നിറയെ ഭക്ഷണം നൽകും. പട്ടിണി മൂലം ഇനി ഒരു മധുവും കേരളത്തിൽ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ഇടുക്കി കാന്തിപ്പാറ ഇടവക വികാരി ഫാ. തോമസ് പൂത്തുരാണ് അക്ഷയപാത്രം എന്ന ആശയവുമായി മുന്നിട്ടിറങ്ങിയത്.
ഇടവക അംഗങ്ങളുടെ സഹായത്തോടെ സേനാപതി മാങ്ങാത്തൊട്ടി കുരിശടിയിൽ ഗ്ലാസുകളാൽ നിർമിച്ച ഒരു ചതുരപ്പെട്ടിയാണ് ആദ്യം സ്ഥാപിച്ചത്. അക്ഷയപാത്രം എന്ന പേരിൽ സ്ഥാപിച്ച ഈ പെട്ടിയിൽ എല്ലാ ദിവസവും പന്ത്രണ്ട് മണിയോട് കൂടി പൊതിച്ചോറുകൾ നിറയും. വിശന്ന് വലയുന്ന ആർക്കും ഈ ഭക്ഷണം എടുത്ത് കഴിക്കാം.
കാന്തിപ്പാറ ഇടവക അംഗങ്ങളുടെ സഹായത്തോടെ ആരംഭിച്ച അക്ഷയപാത്രം മൂന്ന് മാസം പിന്നിട്ടതോടെ മാങ്ങാത്തൊട്ടി നിവാസികൾ ഏറ്റെടുത്തു. ഹോട്ടൽ നടത്തുന്ന വ്യാപാരികൾ സൗജന്യമായി മുടങ്ങാതെ അക്ഷയപാത്രത്തിൽ ഭക്ഷണപൊതികൾ നിറയ്ക്കാന്‍ ആരംഭിച്ചതോടെ പെട്ടി ശരിക്കും അന്നം വറ്റാത്ത അക്ഷയപാത്രമായി മാറി.