ഇടുക്കി: കേരളപ്പിറവി ദിനത്തില്‍ ഇടുക്കിയില്‍ വിമാനം പറന്നിറങ്ങും. വണ്ടിപ്പെരിയാര്‍ സത്രത്തില്‍ ചെറുവിമാനങ്ങള്‍ ഇറക്കാന്‍ സാധിയ്ക്കുന്ന തരത്തില്‍ ഒരുക്കുന്ന എയര്‍ സ്ട്രിപ്പിന്‍റെ നിര്‍മാണം അവസാന ഘട്ടത്തില്‍. എന്‍സിസി പരിശീലന അക്കാദമിയുടെ ഭാഗമായാണ് എയര്‍ സ്ട്രിപ് നിര്‍മിയ്ക്കുന്നത്.
വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിനാവശ്യമായ ഹാങറിന്‍റെ നിര്‍മാണം, റണ്‍വേയുടെ വശങ്ങളിലുള്ള റോഡ് നിര്‍മാണം, ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള അപ്രോച്ച് റോഡിന്‍റെ നിര്‍മാണം തുടങ്ങിയവയാണ് എയര്‍സ്ട്രിപ്പില്‍ ഇനി പൂര്‍ത്തീകരിയ്ക്കാനുള്ളത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എന്‍സിസി കേരള ഡയറക്‌ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സുനില്‍കുമാര്‍, പിഡബ്ല്യുഡി ചീഫ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ബീന എല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘം മേഖലയില്‍ സന്ദര്‍ശനം നടത്തി.
ഇടുക്കിയുടെ മണ്ണിലേയ്ക്ക് ഇനി വിമാനം പറന്നിറങ്ങും; എയര്‍ സ്‌ട്രിപ് നിര്‍മാണം അന്തിമ ഘട്ടത്തില്‍ ദുരന്തനിവാരണത്തിനും പ്രയോജനം
എയര്‍സ്ട്രിപ്പിനും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 25 ഏക്കര്‍ ഭൂമിയാണ് എന്‍സിസി ആവശ്യപ്പെട്ടത്. എന്നാല്‍ ആകെ 12 ഏക്കര്‍ ഭൂമിയാണ് റവന്യുവകുപ്പ് വിട്ടുകൊടുത്തിരിക്കുന്നത്. വനംവകുപ്പിന്‍റെ വിവിധ തടസങ്ങള്‍ നിലവിലുള്ളതിനാല്‍ ബാക്കി ഭൂമി വിട്ട് നല്‍കാനായിട്ടില്ല. ചെറുവിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെങ്കില്‍ സമീപത്തെ കുറച്ച് പ്രദേശം കൂടി നികത്തണം.
വണ്ടിപ്പെരിയാര്‍ സത്രത്തില്‍ ആരംഭിയ്ക്കുന്ന എന്‍സിസി പരിശീലന കേന്ദ്രത്തില്‍ ഓരോ വര്‍ഷവും ആയിരത്തോളം എന്‍സിസി കേഡറ്റുകള്‍ക്ക് വിമാനം പറപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കും. എയര്‍ സ്ട്രിപ്പ് ഇടുക്കിയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രയോജനപെടുത്താനാവും. വിനോദസഞ്ചാര മേഖലയിലും കുതിപ്പേകുമെന്നാണ് പ്രതീക്ഷ.
Also read:മോഹം, കഠിനധ്വാനം ഒടുവില്‍ വിമാനം; ചെറു ഗ്ലൈഡര്‍ നിര്‍മിച്ച് അരീക്കോട് സ്വദേശി