'ചക്കക്കൊമ്പന്‍റെ' ആക്രമണത്തില്‍ ഏക്കർ കണക്കിന് കൃഷിനാശം ; ഇടുക്കിയില്‍ ദുരിതം കടുക്കുന്നു ഇടുക്കി : കാട്ടാനയുടെ ആക്രമണത്തില്‍ ഒന്നര ഏക്കറോളം ഭൂമിയിലെ ഏലം കൃഷി നശിച്ചു. ഇടുക്കി പൂപ്പാറ തോണ്ടിമലയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൃഷി നശിച്ചത്. വിള പൂര്‍ണമായും നശിച്ചതോടെ കടുത്ത ദുരിതത്തിലാണ് കര്‍ഷകര്‍.
മൂന്ന് ദിവസമായി മേഖലയില്‍ ചക്കക്കൊമ്പന്‍ തമ്പടിച്ചിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ചേരിയാര്‍ സ്വദേശിയായ, ഇസ്രായേല്‍ പാട്ടത്തിനെടുത്തിരുന്ന ഭൂമിയിലെ കൃഷിയാണ് ആനയുടെ ആക്രമണത്തില്‍ പൂര്‍ണമായും നശിച്ചത്. ബാങ്ക് വായ്‌പ എടുത്താണ് കുടുംബം കൃഷി നടത്തിയിരുന്നത്.
ചെടികള്‍ പൂര്‍ണമായും നശിച്ചതോടെ, ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടമാണ് കര്‍ഷകനുണ്ടായിട്ടുള്ളത്. ഇസ്രായേലിന് ശാരീരിക ബുദ്ധിമുട്ട് ഉള്ളതിനാല്‍, ഭാര്യ റെജീനയുടെ മേല്‍ നോട്ടത്തിലായിരുന്നു കൃഷി. കുടുംബത്തിന്‍റെ ഏക വരുമാനമാണ്, ആനയുടെ ആക്രമണത്തില്‍ ഇല്ലാതായത്.
കൃഷി നശിച്ചതോടെ, പാട്ടത്തുകയും ബാങ്ക് വായ്‌പയും എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് കുടുംബം. ചക്കക്കൊമ്പന്‍ എന്ന ആന മറ്റ് കൃഷിയിടങ്ങളിലും നാശം വിതച്ചിട്ടുണ്ട്. അപകടകാരിയായ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടുന്നതും, ചക്കക്കൊമ്പന്‍, മൊട്ടവാലന്‍ തുടങ്ങിയ ആനകളെ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിയ്ക്കുന്നതും സംബന്ധിച്ച്, ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, തുടര്‍ നടപടികള്‍ ഇതുവരേയും ആരംഭിച്ചിട്ടില്ല.