ഇടുക്കി: ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം മൂലം ദുരിതത്തിലായ ചിന്നക്കനാൽ മുട്ടുകാട്ടിലെ കർഷകർക്ക് കൈത്താങ്ങുമായി കൃഷിവകുപ്പും ഗ്രാമ പഞ്ചായത്തും. ആഫ്രിക്കൻ ഒച്ചുകളെ ഉന്മൂലനം ചെയ്യുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങളാണ് മുട്ടുകാട്ടിൽ പുരോഗമിക്കുന്നത്. 50 മുതൽ 200 അംഗങ്ങൾ വരെയുള്ള കർഷക കൂട്ടായ്‌മകൾ രൂപീകരിച്ച് ആഴ്‌ചയിൽ നാല് ദിവസം കൃഷിയിടങ്ങളിൽ നിന്നും ഒച്ചുകളെ ശേഖരിച്ച് ഉപ്പ് വിതറി നശിപ്പിക്കുകയാണ് കർഷകർ.
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ ഒറ്റക്കെട്ടായി മുട്ടുകാട്ടിലെ കര്‍ഷകരും അധികൃതരും
കർഷക കൂട്ടായ്‌മകൾ രൂപീകരിച്ച് ആഴ്‌ചയിൽ നാല് ദിവസം കൃഷിയിടങ്ങളിൽ നിന്നും ഒച്ചുകളെ ശേഖരിച്ച് ഉപ്പ് വിതറി നശിപ്പിക്കുകയാണ് കർഷകർ
ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം ക്രമാതീതമായി വർധിച്ചതോടെ മുട്ടുകാട്ടിലെ കർഷകരുടെ ജീവിതവും ദുരിതത്തിലായി. വൻതോതിൽ പെറ്റുപെരുകിയ ഒച്ചുകൾ ഏലം, കുരുമുളക്, കാപ്പി, കൊക്കോ, പച്ചക്കറികൾ തുടങ്ങി എല്ലാ വിളകളും തിന്നു തീര്‍ക്കുകയാണ്. ഇതേ തുടര്‍ന്ന് പല കര്‍ഷകരും കൃഷി നിര്‍ത്തിവച്ചിരിക്കുകയാണ്.
സഹായവുമായി കൃഷിവകുപ്പ്:ഒച്ചുകളെ നിയന്ത്രിക്കാനുള്ള വളം, കീടനാശിനികൾ എന്നിവ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിവകുപ്പ് കർഷകർക്ക് എത്തിച്ചു നൽകിയിരുന്നു. കൃഷിവകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും കർഷകരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഒരു വർഷത്തിനുളളിൽ ഇവയെ പൂർണമായും നിർമാർജ്ജനം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മുട്ടുകാട്ടിലെ കര്‍ഷകര്‍.