ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി 18-ാം ദിവസമായ ഇന്നും തെരച്ചില്‍ നടന്നു. 65 മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഇനി ലഭിക്കാനുള്ളത് ഇന്നത്തോടെ തെരച്ചിൽ താത്കാലികമായി നിർത്തിവയ്ക്കുവാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് തെരച്ചിൽ തല്‍ക്കാലം നിർത്താൻ തീരുമാനിച്ചത്. പ്രദേശത്ത് തുടരുന്ന മഴയും പുഴയിലെ ജലനിരപ്പുയർന്നതും തെരച്ചിലിന് തടസമായിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമാകുകയാണെങ്കിൽ നാട്ടുകാരുടെ സഹകരണത്തോടെ വരും ദിവസങ്ങളിൽ തെരച്ചിൽ പുനരാരംഭിക്കും.
പ്രതികൂല കാലാവസ്ഥ; പെട്ടിമുടിയില്‍ തെരച്ചില്‍ അവസാനിപ്പിച്ചു
ദിനേഷ് കുമാർ (20), റാണി (44), പ്രീയദർശനി (7), കസ്തുരി (26), കാർത്തിക (21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
ഇതുവരെ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ശക്തമായ മഞ്ഞും മഴയും മൂലം കഴിഞ്ഞ ദിവസങ്ങളില്‍ തെരച്ചിൽ ഉച്ചയോടെ നിർത്തേണ്ട സാഹചര്യമായിരുന്നു. പെട്ടിമുടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഭൂതക്കുഴി വനമേഖലയിലെ പുഴയോരം കേന്ദ്രകരിച്ചായിരുന്നു പ്രധാനമായും തെരച്ചില്‍ നടന്നത്. എന്നാൽ ആരെയും കണ്ടെത്താനായില്ല. കാണാതായവരുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച സ്ഥലങ്ങളിലും പൂർണമായും പരിശോധന പൂർത്തിയാക്കിയാണ് തെരച്ചിൽ അവസാനിപ്പിച്ചത്. ദിനേഷ് കുമാർ (20), റാണി (44), പ്രീയദർശനി (7), കസ്തുരി (26), കാർത്തിക (21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
ദേശീയ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാ സേന, മൂന്നാറിലെ വിവിധ സാഹസിക പ്രവര്‍ത്തകര്‍ അടങ്ങിയ 30 അംഗ പ്രത്യേക സംഘമാണ് വനമേഖലയോട് ചേർന്ന പുഴ കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തിയത്. ഏറെ ദുഷ്കരമായിരുന്ന ഉൾവനത്തിലെ തെരച്ചിലിന് പ്രത്യേക പരിശീലനം ലഭിച്ച അംഗങ്ങളെയാണ് നിയോഗിച്ചത്. മൂന്നാറിൽ ചേർന്ന അവലോകന യോഗത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് തെരച്ചിൽ സംഘത്തെ തീരുമാനിച്ചത്. അപകട സാധ്യത വളരെയേറെയുള്ള സ്ഥലങ്ങളിലും ദൗത്യ സംഘം തിരച്ചിൽ നടത്തി.