ഇടുക്കി: അടിമാലി ടൗണില്‍ ഉപയോഗ ശൂന്യമായ മാസ്‌കുകൾ സംസ്‌കരിക്കാൻ ഇൻസിനറേറ്റർ സ്ഥാപിച്ച് ഗ്രാമപഞ്ചായത്ത്. മാസ്‌ക് ഉപയോഗിക്കാതെ പുറത്തിറങ്ങുന്നതു പോലെ തന്നെ ഉപയോഗിച്ച മാസ്‌കുകള്‍ പൊതുയിടങ്ങളില്‍ വലിച്ചെറിയുന്നതും അപകടകരമാണെന്ന സന്ദേശമാണ് പഞ്ചായത്ത് നല്‍കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ദീപാ രാജീവ് ഇന്‍സിനേറ്ററിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.
ഉപയോഗശൂന്യമായ മാസ്‌കുകൾ വലിച്ചെറിയരുത്; ഇൻസിനറേറ്ററുമായി അടിമാലി ഗ്രാമപഞ്ചായത്ത് - കൊവിഡ് പ്രതിരോധം
ഉപയോഗശൂന്യമായ മാസ്‌കുകൾ സംസ്കരിക്കുന്നതിന് അടിമാലി ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ടൗണില്‍ ഇൻസിനറേറ്റർ സ്ഥാപിച്ചു
കഴിഞ്ഞ ഒന്നര മാസമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് നടത്തുന്നതെന്ന് ഗ്രാമപഞ്ചായത്തംഗം കെ.എസ് സിയാദ് പറഞ്ഞു. ടൗണിലെത്തുന്ന ഏതൊരാള്‍ക്കും ഉപയോഗ ശേഷം മാസ്ക് നശിപ്പിക്കാൻ ഇന്‍സിനറേറ്ററിന്‍റെ സഹായം പ്രയോജനപ്പെടുത്താം. ഇന്‍സിനറേറ്ററിന്‍റെ മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ചുവന്ന നിറത്തിലുള്ള വാതില്‍ തുറന്ന് കൈകള്‍ അകത്തിടാതെ പുറത്തു നിന്ന് മാസ്‌കുകള്‍ നിക്ഷേപിക്കണം. ഇതിന് ശേഷം വാതിലടച്ച് വലതു വശത്തെ സ്വിച്ച് അമര്‍ത്തുന്നതോടെ മുഖാവരണ സംസ്‌ക്കരണം പൂര്‍ത്തിയാകും. പഞ്ചായത്തംഗങ്ങളായ എം.പി മക്കാര്‍, കെ.എസ് സിയാദ്, മേരി യാക്കോബ്, ഇ.പി ജോര്‍ജ്, ബിനു ചോപ്ര തുടങ്ങിയവര്‍ സ്വിച്ച് ഓണ്‍ കര്‍മ്മത്തില്‍ പങ്കെടുത്തു.