ഇടുക്കി: സമ്പൂര്‍ണ അടച്ചിടലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് അടിമാലിയിലെ പരമ്പരാഗത ഈറ്റ നെയ്ത്തുതൊഴിലാളികള്‍. വരുമാനം നിലച്ചതോടെ സര്‍ക്കാര്‍ സഹായമായി ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളാണ് മച്ചിപ്ലാവിലെ ഇരുപതോളം കുടുംബങ്ങളുടെ ഏക ആശ്രയം.
പരമ്പരാഗത ഈറ്റ നെയ്ത്തുതൊഴിലാളികള്‍ പ്രതിസന്ധിയില്‍ - അടിമാലി മച്ചിപ്ലാവ്
ഈറ്റയില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളുടെ വില്‍പനയാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗം
ഈറ്റയില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളുടെ വില്‍പനയാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗം. മറ്റിടങ്ങളിലേക്ക് കയറ്റിയയക്കുന്നതിനൊപ്പം മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളടക്കം ഈറ്റ ഉല്‍പന്നങ്ങളുടെ ആവശ്യക്കാരായിരുന്നു. കൊവിഡ് ഭീതിയില്‍ റോഡുകൾ വിജനമായതോടെ വില്‍പന പൂര്‍ണമായി നിലക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തോളമായി കുടുംബങ്ങള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
സമീപമേഖലകളിലെ ആദിവാസികളായിരുന്നു ഇവര്‍ക്ക് ഈറ്റകളെത്തിച്ച് നല്‍കിയിരുന്നത്. ഒരു കെട്ടിന് 250 മുതല്‍ 300 രൂപ വരെ നല്‍കണം. മൂന്ന് മാസം മുമ്പ് ഇത്തരത്തില്‍ വിലയ്‌ക്ക് വാങ്ങിയ ഈറ്റ ഉപയോഗിച്ച് നിര്‍മിച്ച ഉല്‍പന്നങ്ങളാണ് വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുന്നത്. കൊവിഡ് ഭീതിയൊഴിഞ്ഞ് പൊതുഗതാഗതം സാധ്യമായാല്‍ കച്ചവടം പുനരാരംഭിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇവര്‍.