ഇടുക്കി: ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം. ചെറുതോണി സ്വദേശിയായ ലൈജുവാണ് ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്‌ച രാത്രി 10.30ഓടെയാണ് സംഭവം.
രാത്രി കടയടച്ച് കാറില്‍ വീട്ടിലേക്ക് മടങ്ങവേയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേര്‍ കൈകാണിച്ച് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. കാര്‍ നിര്‍ത്തി അടുത്തെത്തിയ രണ്ട് പേരും നാളെ രാവിലെ എപ്പോഴാണ് കട തുറക്കുകയെന്നും അന്വേഷിച്ചു. ഇവരുമായി സംസാരിക്കാന്‍ കാറിന്‍റെ ഗ്ലാസ് താഴ്‌ത്തിയതോടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.
മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തുകയും ഇയാളെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. ഇതിനിടെ പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
പൊലീസിനെതിരെ ഗുരുതര ആരോപണം:ഇടുക്കി പൊലീസ് സ്റ്റേഷന് 200 മീറ്റർ അടുത്താണ് ഈ സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് വിവരം ലഭിച്ചിട്ടും ആശുപത്രിയിലെത്തി നടപടികൾ സ്വീകരിക്കുവാനും പൊലീസ് തയ്യാറായില്ലെന്നും ആരോപണമുയരുന്നുണ്ട്. ചെറുതോണിയിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ക്രൂരകൃത്യം ഉണ്ടായത്.
വ്യാപാരികളുമായും ജനങ്ങളുമായും ഏറെ സൗഹൃദത്തോടെ പെരുമാറുന്ന വ്യക്തിയാണ് ആക്രമണത്തിന് ഇരയായ ലൈജു. അതുകൊണ്ടുതന്നെ ആക്രമണം നടത്തിയവരുടെ ലക്ഷ്യം എന്താണെന്ന് ഇതുവരെ വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ല. സിസിടിവി ഫൂട്ടേജുകൾ പരിശോധിച്ച് ആക്രമണം നടത്തിയവരെ ഉടനടി പിടികൂടണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.