ഇടുക്കി: തേക്കടിയില്‍ ബോട്ടിങ്ങിനെത്തിയ വിനോദസഞ്ചാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അയര്‍ലന്‍റ് സ്വദേശിയായ എല്‍കോം ഐവറി കെന്നഡിയാണ് മരിച്ചത്. സംഭവത്തില്‍ ഇന്ത്യന്‍ എംബസി വിശദീകരണം തേടി. വനം വകുപ്പ് കൃത്യ സമയത്ത് ആബുലൻസ് എത്തിക്കാത്തതാണ് മരണകാരണമായതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ ആരോപിച്ചു.
തേക്കടിയില്‍ വിനോദസഞ്ചാരി മരിച്ചു; വനംവകുപ്പിന്‍റെ അനാസ്ഥയെന്ന് ആരോപണം - ഇടുക്കി വാര്‍ത്തകള്‍
വനംവകുപ്പ് കൃത്യ സമയത്ത് ആംബുലൻസ് എത്തിക്കാത്തതാണ് മരണകാരണമായതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ ആരോപിച്ചു. അയര്‍ലന്‍റ് സ്വദേശിയായ എല്‍കോം ഐവറി കെന്നഡിയാണ് മരിച്ചത്
![തേക്കടിയില്‍ വിനോദസഞ്ചാരി മരിച്ചു; വനംവകുപ്പിന്‍റെ അനാസ്ഥയെന്ന് ആരോപണം Thekkady tourism news idukki news' ഇടുക്കി വാര്‍ത്തകള്‍ തേക്കടി ടൂറിസം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5945057-thumbnail-3x2-thekdy.jpg)
തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. ഭാര്യക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം 11.15ന്‍റെ ബോട്ടിങ്ങിന് ടിക്കറ്റെടുത്ത് ബോട്ടില്‍ കയറി ഇരുന്നപ്പോൾ ഐവറി കെന്നഡിക്ക് നെഞ്ചിന് വേദന അനുഭവപ്പെടുകയും ബോട്ടില്‍ തന്നെ തളര്‍ന്ന് വീഴുകയുമായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന വിദേശ വനിതയായ നഴ്‌സ് സിപിആറും മറ്റ് പ്രാഥമിക ചികിത്സയും നൽകി. ആംബുലന്‍സ് സൗകര്യമൊരുക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും വനം വകുപ്പിന്‍റെ ആംബുലന്‍സ് മൂന്ന് ദിവസമായി ടെസ്റ്റിങ്ങിന് കട്ടപ്പനയിലെ വര്‍ക്ക് ഷോപ്പിലാണെന്ന മറുപടിയാണ് ലഭിച്ചത്. ബദല്‍ സംവിധാനമൊരുക്കിയിട്ടില്ലേയെന്ന് ബോട്ടിലെ മറ്റ് യാത്രക്കാര്‍ ചോദിച്ചെങ്കിലും വനംവകുപ്പ് അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഇതിനിടയില്‍ കെന്നഡി ബോധരഹിതനായിരുന്നു.
തുടര്‍ന്ന് കെടിഡിസി ഇടപ്പെട്ട് രണ്ടാംമൈലിലെ സ്വകാര്യ ക്ലിനിക്കിന്‍റെ ആംബുലന്‍സ് വിളിക്കുകയായിരുന്നു. ഇതിനോടകം അരമണിക്കൂറോളം ബോട്ടില്‍ കെന്നഡി തളര്‍ന്നു കിടന്നു. ആംബുലന്‍സില്‍ കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഇയാളുടെ ഹൃദയമിടിപ്പ് നിലക്കുകയായിരുന്നുവെന്ന് ആംബുലന്‍സില്‍ കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. കെന്നഡിക്ക് ദേഹാസ്വാസ്ത്യം ഉണ്ടായപ്പോള്‍ തന്നെ വാഹനം വനംവകുപ്പ് വാഹന സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും ഡോക്ടര്‍ സംവിധാനമുള്ള ആംബുലന്‍സ് വേണമെന്ന് കെന്നഡിയുടെ കൂടെയുള്ളവര്‍ നിര്‍ബന്ധം പിടിച്ചുവെന്നും ഇതിനാലാണ് കൃത്യസമയത്ത് ചികിത്സ നേടാന്‍ സാധിക്കാതെ പോയതെന്നുമാണ് വനംവകുപ്പിന്‍റെ വിശദീകരണം. കുമളി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.