ഇടുക്കി: കൊച്ചി-ധനുഷ്‌ക്കോടി ദേശീയ പാതയുടെ ഭാഗമായ ദേവികുളം ഗ്യാപ്പ് റോഡ് വേഗത്തില്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ദേവികുളം എം.എല്‍.എ എ രാജ. നിലവിലെ സാഹചര്യം വിലയിരുത്തി കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നിരുന്നതായും വേഗത്തില്‍ പാത തുറന്നു നല്‍കാനുള്ള ഇടപെടലുകളാണ് നടന്നു വരുന്നതെന്നും എ രാജ വ്യക്തമാക്കി.
മലയിടിച്ചിലില്‍ പാത തകര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഗ്യാപ്പ് റോഡ് വഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്. മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റര്‍ പാത നവീകരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ചെങ്കുത്തായ മലഞ്ചെരുവിലൂടെ കടന്നു പോയിരുന്ന വീതി കുറഞ്ഞ ഗ്യാപ്പ് റോഡ് പാറ പൊട്ടിച്ച് വീതി വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.