ഇടുക്കി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ രണ്ട് ദിവസത്തിനകം സുപ്രീംകോടതിയിൽ അപ്പിൽ നൽകുമെന്ന് എ രാജ എംഎൽഎ. ഹൈക്കോടതി വിധിയെ മാനിക്കുന്നു. എങ്കിലും തന്‍റെ വാദം കേൾക്കാൻ കോടതി തയ്യാറായില്ല. തികച്ചും ഏകപക്ഷീയമായാണ് വിധി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യം സുപ്രീംകോടതിയെ ബോധിപ്പിക്കുമെന്നും അവസാന വിജയം തനിക്കായിരിക്കുമെന്നും രാജ പറഞ്ഞു. പ്രസിഡൻഷ്യൽ ഉത്തരവ് അനുസരിച്ച് 1950 ന് മുൻപ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കുടിയേറിയവർക്ക് അതത് സംസ്ഥാനങ്ങളിൽ ലഭിക്കുന്ന സംവരണം നൽകണമെന്നാണ് ചട്ടം. തന്‍റെ മുത്തശ്ശി 1949ൽ തന്നെ കമ്പനി തോട്ടം തൊഴിലാളിയാണ്.
1940 മുതൽ തന്‍റെ പൂർവികർ മൂന്നാറിൽ സ്ഥിരതാമസക്കാരാണ്. കമ്പനിയിൽ നിന്നുള്ള ഈ രേഖകൾ കോടതി പരിഗണിച്ചില്ല. തന്‍റെ വിവാഹം നടത്തിയത് വീട്ടിൽ വച്ചാണ്. പള്ളിയുമായി ബന്ധമില്ല. കോടതി പരിശോധിച്ച പള്ളി രേഖകളെപ്പറ്റി അറിയില്ല. വിവാഹ സമയത്തെ തന്‍റെ വസ്ത്ര ധാരണം കണ്ടാണ് കോടതി തീരുമാനമെടുത്തത്.
അമ്മയുടെ മൃതദേഹം സംസ്‌കരിച്ചത് പള്ളി സെമിത്തേരിയിൽ അല്ല, പൊതുശ്‌മശാനത്തിലാണ്. സിഎസ്ഐ പള്ളിക്ക് അവിടെ സെമിത്തേരി ഇല്ല. അച്ഛന്‍റെ ജനന സർട്ടിഫിക്കറ്റ്, തൻ്റെ സ്‌കൂൾ രേഖകൾ, എസ്എസ്എൽസി, ജാതി സർട്ടിഫിക്കറ്റ്, സ്പെഷ്യൽ മാരേജ് ആക്‌ട് നിയമപ്രകാരമുള്ള രേഖ തുടങ്ങി 19 രേഖകളാണ് താൻ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ ഇതൊന്നും കോടതി പരിഗണിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയിൽ നിന്ന് തനിക്ക് അനുകൂലമായ വിധി ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും രാജ വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമക്കേട് പരിഗണിച്ച് ഹൈക്കോടതി മാർച്ച് 20നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാർഥി ഡി കുമാർ നൽകിയ പരാതിയെ തുടർന്നായിരുന്നു ഹൈക്കോടതി നടപടി. മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥിയായ എ രാജ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി എന്നായിരുന്നു ഡി കുമാറിന്‍റെ ആരോപണം.