പ്രതിസന്ധി ഘട്ടങ്ങളിലും നെൽകൃഷിയെ ചേർത്തു പിടിച്ച് ഒരു കർഷകൻ - idukki agriculture
തൊഴിലാളി ക്ഷാമവും അമിതമായ ഉല്‍പാദന ചെലവും സര്‍ക്കാര്‍ സഹായങ്ങൾ ലഭ്യമല്ലാത്തതുമാണ് കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്നും പിന്‍വാങ്ങാന്‍ കാരണം.
ഇടുക്കി: ഏറ്റവും കൂടുതല്‍ നെല്‍കൃഷിയുണ്ടായിരുന്ന കുടിയേറ്റ ഗ്രാമമായ രാജാക്കാടിന് പഴമക്കാര്‍ പണ്ടിട്ട പേരാണ് വലിയകണ്ടം. എന്നാല്‍ ആ പേരിന്ന് പഴമയുടെ ഓര്‍മകളില്‍ മാത്രമാണുള്ളത്. വിവിധ കാരണങ്ങളാൽ കർഷകർ ഓരോരുത്തരായി കൃഷി ഉപേക്ഷിച്ചു. എന്നാൽ നെൽകൃഷിയെ നെഞ്ചോട് ചേർത്ത് പിടിച്ച ഒരു കര്‍ഷകനുണ്ട് രാജാക്കാട്ടില്‍. കുടിയേറ്റ കാര്‍ഷക കുടുംബത്തിലെ അംഗമായ പരവരാഗത്ത് റോയിയാണ് ആ കർഷകൻ. സമീപത്തെ മുഴുവന്‍ കര്‍ഷകരും നെല്‍കൃഷിയില്‍ നിന്ന് പിന്‍വാങ്ങിയിട്ടും ഒരു തവണ പോലും റോയിയുടെ കൃഷി മുടങ്ങിയിട്ടില്ല.
നൂറ്റിപത്ത് ഹെക്ടര്‍ പാടശേഖരമുള്ള രാജാക്കാട് പഞ്ചായത്തില്‍ ഇപ്പോള്‍ കൃഷിയിറക്കുന്നത് പത്ത് ഹെക്ടറില്‍ താഴെ മാത്രമാണ്. പാടശേഖരങ്ങള്‍ ഭൂരിഭാഗവും തരിശായി കിടക്കുകയാണ്. മറ്റിടങ്ങളില്‍ തന്നാണ്ട് വിളകള്‍ ഇടം പിടിച്ചു കഴിഞ്ഞു. തൊഴിലാളി ക്ഷാമവും അമിതമായ ഉല്‍പാദന ചെലവും സര്‍ക്കാര്‍ സഹായങ്ങൾ ലഭ്യമല്ലാത്തതുമാണ് കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്നും പിന്‍വാങ്ങാന്‍ കാരണം. എന്നാല്‍ കടുത്ത പ്രതിസന്ധിയിലും ഇന്നുവരെ റോയി നെല്‍കൃഷി മുടക്കിയിട്ടില്ല. ഇനിയെന്ത് നഷ്ടം വന്നാലും നെല്‍കൃഷിയുമായി മുന്നോട്ട് പോകുമെന്നാണ് റോയിയുടെ നിലപാട്. പാടത്തിറങ്ങാന്‍ ആളില്ലാത്തതിനാല്‍ ഭാര്യ മേഴ്‌സിയും മക്കളായ എബിനും നിഥിനുമാണ് റോയിക്ക് കൃഷി പരിപാലനത്തിൽ പിന്തുണയായുള്ളത്. ഇത്തവണ നൂറ് മേനി വിളവ് ലഭിച്ച റോയിക്കൊപ്പം വിളവെടുക്കാന്‍ അയല്‍വാസികളും എത്തി.