ഇടുക്കി:കൊവിഡ് നഷ്ടപ്പെടുത്തിയതെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മനുഷ്യൻ. ഇടുക്കി ജില്ലയിലെ രാജക്കാട് കുത്തുങ്കൽ സ്വദേശി സണ്ണി അങ്ങനെയൊരു ജീവിത പോരാട്ടത്തിലാണ്. കൊവിഡ് രൂക്ഷമായപ്പോൾ കർഷകനായ സണ്ണിക്ക് ജീവിത മാർഗങ്ങളെല്ലാം അടഞ്ഞിരുന്നു. ഇപ്പോൾ കൊവിഡ് നിയന്ത്രണങ്ങൾ മാറി വരികയാണ്. ഹൈറേഞ്ചില്‍ ടൂറിസം സാധ്യതകൾക്ക് ഏറ്റവും സാധ്യതയുള്ളതാണ് ഏറുമാടങ്ങൾ. ഇടുക്കിയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതും ഏറുമാടങ്ങൾ തന്നെയാണ്. ഹോംസ്റ്റേകളുടെ സമീപത്തായി നിരവധി ഏറുമാടങ്ങൾ ഇടുക്കിയിൽ ഉണ്ടെങ്കിലും അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് സണ്ണി നിർമിച്ചിരിക്കുന്ന ഏറുമാടം.
ആകാശത്തോളം ജീവിത പ്രതീക്ഷയുണ്ട് സണ്ണിയുടെ ഏറുമാടത്തിന്
ആറുമാസത്തെ പരിശ്രമം കൊണ്ടാണ് ഇടുക്കി കുത്തുങ്കൽ സ്വദേശി സണ്ണി ഏറുമാട നിർമാണം പൂർത്തിയാക്കിയത്.
കുത്തുങ്കലിന് സമീപത്തെ സ്വന്തം പുരയിടത്തിൽ 80 അടി ഉയരമുള്ള മൈൽഎള്ള് മരത്തിനു മുകളിലാണ് ഏറുമാടം ഒരുക്കിയിരിക്കുന്നത്. ആറുമാസത്തെ പരിശ്രമം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. മരത്തിന് ദോഷകരമാകുന്ന രീതിയിൽ ആണി അടിക്കുകയോ കമ്പികൾ ഉപയോഗിച്ച് കെട്ടുകയോ ചെയ്തിട്ടില്ല. നിർമാണ സാമഗ്രികൾ എത്തിക്കുന്നതിനു വേണ്ടി മാത്രമാണ് മറ്റുള്ളവരുടെ സഹായം വേണ്ടിവന്നത്. പിന്നീട് ആറുമാസം സണ്ണിയുടെ ഒറ്റയ്ക്കുള്ള കഠിന പരിശ്രമത്തിന്‍റെ ഫലമാണ് ഈ ഏറുമാടം. ടേബിൾ ഫാൻ, ടിവി, ആധുനിക രീതിയിലുള്ള ശുചിമുറി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഇതിനുള്ളിൽ ഒരുക്കിയിരിക്കുന്നു.
സ്വയംതൊഴിൽ സംരംഭം എന്ന രീതിയിൽ ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നതെന്ന് സണ്ണി പറയുന്നു. വിനോദസഞ്ചാരമേഖല സജീവമായതോടെ സണ്ണിയുടെ ഏറുമാടം തേടി സഞ്ചാരികളും എത്തി തുടങ്ങി. അതുകൊണ്ടുതന്നെ കൊവിഡ് ഏൽപ്പിച്ച വലിയ പ്രതിസന്ധികളിൽ നിന്ന് കരകയറാമെന്ന പ്രതീക്ഷയാണ് സണ്ണിക്കുള്ളത്. പരമ്പരാഗത രീതിയിലുള്ള ഏറുമാടം ഹിറ്റായതോടെ റിസോർട്ട് ഉടമകൾ ഏറുമാടം നിർമാണത്തിനായി സണ്ണിയെ സമീപിക്കുന്നുണ്ട്.