ഇടുക്കി: ഇടുക്കിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 66കാരന് 81 വർഷം തടവ് ശിക്ഷ വിധിച്ച് പോക്‌സോ കോടതി. കഞ്ഞിക്കുഴി സ്വദേശി ജോർജിനെയാണ് ഇടുക്കി ഫാസ്‌റ്റ് ട്രാക്ക് പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്. 2,20,000 രൂപ പിഴയും കോടതി വിധിച്ചു.
മൂന്നാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. വിവിധ വകുപ്പുകളിലായാണ് കോടതി ജോര്‍ജിന് 81 വര്‍ഷം തടവ് വിധിച്ചത്. എന്നാൽ പോക്‌സോ വകുപ്പ് പ്രകാരമുള്ള ഉയര്‍ന്ന ശിക്ഷയായ 30 വർഷം തടവ് മാത്രം പ്രതി അനുഭവിച്ചാൽ മതിയാകും.
2020ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണി ആണെന്ന് മനസിലായത്. ഗർഭസ്ഥ ശിശുവിന്‍റെ സാമ്പിള്‍ ശേഖരിച്ച് തിരുവനന്തപുരം ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയില്‍ പ്രതി ജോർജ് ആണെന്ന് തെളിഞ്ഞു. പ്രതിയിൽ നിന്നും ഇടാക്കുന്ന പിഴത്തുകയ്‌ക്ക് പുറമെ പെൺകുട്ടിയുടെ പുനരധിവാസത്തിനായി ജില്ല ലീഗൽ സർവീസസ് അതോറിറ്റിയോട് രണ്ട് ലക്ഷം രൂപ നൽകാനും കോടതി ഉത്തരവിട്ടു.
Also read: കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ പീഡനത്തിനിരയാക്കി; കണ്ണൂരിൽ പ്രീ മെട്രിക് ഹോസ്റ്റൽ കുക്ക് അറസ്റ്റിൽ