ഇടുക്കി: ജീവിക്കാനുള്ള ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി കേരളാ കോണ്‍ഗ്രസ്(എം) ജോസഫ് വിഭാഗം നടത്തിവരുന്ന സമരം ലക്ഷ്യം നേടുന്നതുവരെ തുടരുമെന്ന് പാര്‍ട്ടി സംസ്ഥാന ഉന്നതാധികാരസമിതിയംഗവും മുന്‍ എംഎല്‍എയുമായ ജോസഫ് എം പുതുശ്ശേരി പറഞ്ഞു. ഭൂപതിവ് നിയമഭേദഗതിയാവശ്യപ്പെട്ട് ഓഗസ്റ്റ് 25 മുതല്‍ ചെറുതോണിയില്‍ നടന്നുവരുന്ന റിലേ സത്യാഗ്രഹത്തിന്‍റെ 50-ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂപതിവ് നിയമങ്ങള്‍ നടപ്പാക്കുകയോ ഭേദഗതികള്‍ വരുത്തുകയോ ചെയണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടും നിയമഭേദഗതി വരുത്താതെ ഒളിച്ചുകളിക്കുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി പറഞ്ഞു. ഇടുക്കിക്കു മാത്രമായി നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോകാന്‍ നടത്തുന്ന നീക്കങ്ങള്‍ ആര്‍ക്കുവേണ്ടിയാണെന്ന് മനസ്സിലാകുന്നില്ലെന്നും സുപ്രീംകോടതിയില്‍ പോയാല്‍ പ്രശ്‌നപരിഹാരത്തിന് കാലതാമസമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ജനജീവിതത്തെ സ്‌തംഭനാവസ്ഥയിലേക്ക് നയിക്കുന്ന സര്‍ക്കാര്‍ തീരുമാനം തിരുത്തുകയും ജനങ്ങളുടെ ആവശ്യത്തിന് വേണ്ടി സർക്കാർ നിയമങ്ങൾ നിർമിക്കുകയും ചെയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലുള്ള നിയമങ്ങള്‍ ജനങ്ങള്‍ക്കെതിരാണെങ്കില്‍, ജനവികാരമുള്‍ക്കൊണ്ട് ജനപക്ഷനിയമങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അത് ചെയാത്തത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൂപതിവ് നിയമഭേദഗതി; റിലേ സത്യാഗ്രഹത്തിന്‍റെ 50-ാം ദിവസ സമരം ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്‌തു - ഭൂപതിവ് നിയമഭേദഗതി
ഇടുക്കിക്കു മാത്രമായി നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോകാന്‍ നടത്തുന്ന നീക്കങ്ങള്‍ ആര്‍ക്കുവേണ്ടിയാണെന്ന് മനസ്സിലാകുന്നില്ലെന്നും സുപ്രീംകോടതിയില്‍ പോയാല്‍ പ്രശ്‌നപരിഹാരത്തിന് കാലതാമസമുണ്ടാകുമെന്നും ജോസഫ് എം പുതുശ്ശേരി.

ജില്ലാ സെക്രട്ടറി വിഎ ഉലഹന്നാന്‍, നിയോജകമണ്ഡലം പ്രസിഡന്‍റ് ജോയി കൊച്ചുകരോട്ട്, കര്‍ഷകയൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് വെട്ടിയാങ്കല്‍ എന്നിവര്‍ സത്യാഗ്രഹമനുഷ്‌ടിച്ചു. ഡീന്‍ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍, കെപിസിസി എക്സിക്യുട്ടീവ് അംഗം എപി ഉസ്‌മാന്‍, ഡിസിസി സെക്രട്ടറിമാരായ സേനാപതി വേണു, എംഡി അര്‍ജുനന്‍, പഞ്ചായത്ത് മെമ്പര്‍ കെഎം ജലാലുദ്ദീന്‍, യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് അഡ്വ. എബി തോമസ്, നേതാക്കളായ ടോമി തൈലംമനാല്‍, ബെന്നി പുതുപ്പാടി, കെആര്‍ സജീവ്കുമാര്‍, ഉദ്ദീഷ് ഫ്രാന്‍സിസ്, എബിന്‍ വാട്ടപ്പള്ളി എന്നിവർ സംസാരിച്ചു. സമാപനയോഗം സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം നോബിള്‍ ജോസഫ് ഉദ്ഘാടനം ചെയ്‌തു.