കേരളം

kerala

ETV Bharat / state

ടേക്ക് എ ബ്രേക്ക് പദ്ധതി: ഇടുക്കിയില്‍ ഒരുങ്ങുന്നത് 47 പുതിയ വഴിയിടങ്ങള്‍ - ഇടുക്കി വഴിയിടങ്ങൾ

ചായ കുടിക്കാനും വിശ്രമിക്കാനും മൊബൈൽ ചാർജ് ചെയാനും മുതൽ കുഞ്ഞുങ്ങൾക്ക് പാലൂട്ടാൻവരെ സൗകര്യങ്ങളുള്ള വഴിയിടങ്ങളാണ് ജില്ലയിൽ ഒരുങ്ങുന്നത്

idukki  take a break initiative  rest centres  വഴിയിടം  ഇടുക്കി വഴിയിടങ്ങൾ  ടേക്ക് എ ബ്രേക്ക് പദ്ധതി
ടേക്ക് എ ബ്രേക്ക് പദ്ധതി: ജില്ലയിലൊരുങ്ങുന്നു 47 പുതിയ വഴിയിടങ്ങള്‍

By

Published : Nov 8, 2020, 10:44 PM IST

ഇടുക്കി: പാതയോരങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വിശ്രമിക്കുന്നതിനും ആധുനിക സൗകര്യങ്ങളോടെ 'വഴിയിടങ്ങൾ' ഒരുങ്ങുന്നു. 'ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായാണ് ശുചിമുറികള്‍ക്കൊപ്പം കോഫീ പാര്‍ലര്‍, വിശ്രമസൗകര്യങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തി വഴിയോര വിശ്രമകേന്ദ്രങ്ങള്‍ സജ്ജമാക്കുന്നത്. വിശ്രമിക്കാം, ചായകുടിക്കാം, മൊബൈല്‍ ചാര്‍ജ് ചെയ്യാം, കുഞ്ഞിനെ പാലൂട്ടാം, നാപ്‌കിന്‍ സംസ്‌കരിക്കാം എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളാണ് യാത്രികര്‍ക്ക് ലഭിക്കുക. സര്‍ക്കാരിന്‍റെ 12 ഇന പരിപാടിയുടെ ഭാഗമായാണ് വൃത്തിയും വെടിപ്പുമുള്ള വിശ്രമ കേന്ദ്രങ്ങളൊരുങ്ങുന്നത്. ഹരിതകേരളം ശുചിത്വ മിഷനും തദ്ദേശസ്ഥാപനങ്ങളുമായി കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലുടനീളം 63 'ടേക്ക് എ ബ്രേക്ക്' കേന്ദ്രങ്ങള്‍ക്കാണ് നിലവില്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഇതില്‍ 47 എണ്ണം പുതിയതായി നിര്‍മ്മിക്കുന്നതും 16 എണ്ണം നവീകിക്കുന്നതുമാണ്.

4.60 കോടി രൂപയാണ് പുതിയ കേന്ദ്രങ്ങളുടെ നിര്‍മാണത്തിനായി നീക്കിവെച്ചിട്ടുള്ളത്. ശുചിമുറികളുടെ നവീകരണത്തിനായി 45 ലക്ഷം രൂപയാണ് അനുവദിക്കുക. വെള്ളത്തൂവല്‍, ഇടമലക്കുടി, സേനാപതി, വണ്ണപ്പുറം, ആലക്കോട്, കരിമണ്ണൂര്‍, കാമാക്ഷി, അയ്യപ്പന്‍ കോവില്‍, മുട്ടം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട് ഗ്രാമപ്പഞ്ചായത്തുകൾ ഒഴികെയാണ് പദ്ധതിക്കായി പ്രൊപ്പോസല്‍ നല്‍കിയിട്ടുള്ളതെന്ന് ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ജി എസ് മധു, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി വി ജസീര്‍ എന്നിവര്‍ അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിലവിലുള്ള ശൗചാലയങ്ങള്‍ നവീകരിക്കുകയോ, ആവശ്യമെങ്കില്‍ പുതിയവ നിര്‍മ്മിക്കുകയോ ചെയ്യാം. അടിസ്ഥാന തലം, സ്റ്റാന്‍റേർഡ് തലം, പ്രീമിയം തലം എന്നിങ്ങനെ ശുചിമുറികളുടെയും അനുബന്ധ സൗകര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ശുചിമുറി സമുച്ചയങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. അടിസ്ഥാന തലത്തില്‍ ഉള്‍പ്പെടുന്ന ശുചിമുറി സമുച്ചയങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ശുചിമുറികളുണ്ടാകും. വാഷ്‌ ബേസിനുകള്‍, കണ്ണാടി, ഹാന്‍ഡ് വാഷ് സൗകര്യം തുടങ്ങിയവയൊക്കെ ഉണ്ടാകും. സ്ത്രീകള്‍ക്കുള്ള ശുചിമുറികളില്‍ സാനിട്ടറി നാപ്‌കിന്‍ ഡിസ്‌ട്രോയറും സജ്ജീകരിക്കും. സ്റ്റാന്‍ഡേര്‍ഡ് തലത്തില്‍ അടിസ്ഥാനതല സംവിധാനങ്ങള്‍ക്ക് പുറമേ വിശ്രമസ്ഥലം, ശിശുപരിപാലനത്തിനും വസ്ത്രം മാറുന്നതിനുമുള്ള സൗകര്യം, സാനിട്ടറി നാപ്‌കിന്‍ വെന്‍ഡിംഗ് കിയോസ്‌ക് എന്നിവ കൂടി സജ്ജീകരിക്കും. പ്രീമിയം തലത്തില്‍ ഈ സംവിധാനങ്ങള്‍ക്കെല്ലാം പുറമെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അധികവരുമാനം ഉണ്ടാക്കുന്നതിനും, ഉപഭോക്താക്കള്‍ക്ക് റിഫ്രഷ്‌മെന്‍റിനായും സംരഭക മാതൃകയില്‍ റിഫ്രഷ്‌മെന്‍റ് സെന്‍റർ കൂടി ക്രമീകരിക്കും.

ജില്ലയിലെ പെരുവന്താനം, കുമളി, രാജക്കാട് ഗ്രാമപഞ്ചായത്തുകളില്‍ ഗുണനിലവാരമുള്ള ശുചിമുറി സമുച്ചയങ്ങള്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളും തീര്‍ഥാടകരുമായി നിരവധി സഞ്ചാരികള്‍ എത്തുന്ന കുമളി ബസ്സ്റ്റാന്‍ഡിന് സമീപമാണ് സ്ത്രീകള്‍ക്ക് മാത്രമായുള്ള 21 യൂണിറ്റുകളുള്ള പുതിയ ശുചിമുറി സമുച്ചയം. പെരുവന്താനം പഞ്ചായത്തില്‍ വള്ളിയന്‍കാവ് ക്ഷേത്രത്തിലേയ്ക്കും, പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിലേയ്ക്കുമുള്ള പ്രധാന പാതയോരത്ത് മണിക്കലിലാണ് ശുചിമുറി സമുച്ചയം സ്ഥാപിച്ചിരിക്കുന്നത്. ജില്ലയില്‍ ചിന്നക്കനാല്‍, മൂന്നാര്‍, ബൈസണ്‍വാലി, പള്ളിവാസല്‍, മാങ്കുളം, പാമ്പാടുംപാറ, കരുണാപുരം, നെടുംകണ്ടം, ഉടുമ്പന്‍ചോല, വാത്തിക്കുടി, വാഴത്തോപ്പ്, വണ്ടന്മേട്, കാഞ്ചിയാര്‍, പുറപ്പുഴ, വണ്ടിപ്പെരിയാര്‍, ചക്കുപള്ളം, ദേവികുളം ഗ്രാമപഞ്ചായത്തുകളിലും, തൊടുപുഴ, കട്ടപ്പന നഗരസഭകളിലും പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

ABOUT THE AUTHOR

...view details