ഇടുക്കി:ഒന്നരനൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന പള്ളികുന്നിലെ സെന്‍റ് ജോർജ് സിഎസ്‌ഐ ദേവാലയം ഇന്നും പഴമയുടെ ചരിത്രം വിളിച്ചുപറയുകയാണ്. ഇടുക്കിയുടെ മലമടക്കുകളിൽ വ്യവസായവുമായി എത്തിയ ബ്രിട്ടീഷുകാരാണ് ഇവിടെ പള്ളി നിർമിച്ചത്. ഇന്ന് വിദേശികൾക്കും സ്വദേശികൾക്കും കൗതുകത്തിനപ്പുറം വിസ്‌മയം തീർക്കുന്ന ഇടമായി മാറിയിരിക്കുകയാണ് 150 വർഷത്തോളം പഴക്കമുള്ള ഈ ദേവാലയം.
കോട്ടയം കട്ടപ്പന റൂട്ടിൽ കുട്ടിക്കാനത്തിനു സമീപം പള്ളിക്കുന്ന് എന്ന സ്ഥലത്താണ് ഈ ദേവാലയം നിലകൊള്ളുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 2500 മുതൽ 3500 അടി വരെ ഉയരമുള്ള മലനിരകളാൽ ചുറ്റുപ്പെട്ടതാണീ പ്രദേശം. 1860 കളിൽ വ്യാവസായിക ആവശ്യങ്ങൾക്കായി ഇവിടെ എത്തിയ യൂറോപ്യന്മാരിൽ പ്രധാനിയായ ഹെൻട്രി ബേക്കറാണ് ഈ പള്ളി നിർമിച്ചത്.
ഹെൻട്രി ബേക്കർ കൃഷിയുമായി ബന്ധപ്പെട്ട് ഇവിടെ നിലയുറപ്പിക്കുകയും അദ്ദേഹത്തിന്‍റെ കുടുംബവും സുഹൃത്തുക്കളും ഈ മേഖലയിൽ താമസിക്കുകയും ചെയ്‌തു. ആ സമയം ഒരു ദേവാലയം വേണമെന്ന ആഗ്രഹം ഹെൻട്രിക്ക് ഉണ്ടാവുകയായിരുന്നു. പിന്നാലെയാണ് പള്ളിക്കുന്നിൽ ദേവാലയം നിർമിക്കാൻ ഹെൻട്രി ബേക്കർ ജൂനിയറിന്‍റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർ തീരുമാനമെടുത്തത്.
15 ഏക്കർ വിട്ടുനൽകി സേതുലക്ഷ്‌മി ഭായി: തുടർന്ന് അന്നത്തെ തിരുവിതാംകൂർ അമ്മ മഹാറാണി റാണി സേതുലക്ഷ്‌മി ഭായി തമ്പുരാട്ടി ദേവാലയത്തിനായി 15 ഏക്കർ 62 സെന്‍റ് സ്ഥലം വിട്ടു നൽകി. ഒടുവിൽ 1869ലാണ് പള്ളിക്കുന്നിലെ ദേവാലയത്തിന്‍റെ പണികൾ പൂർത്തീകരിച്ച് ആരാധനയ്ക്കായി തുറന്നു നൽകിയത്. ആദ്യ കാലഘട്ടങ്ങളിൽ അഴുത സെന്‍റ് ജോർജ് സിഎസ്ഐ പള്ളി എന്നാണ് ഈ ദേവാലയം അറിയപ്പെട്ടിരുന്നത്.