ഇടുക്കി:ജില്ലയിൽ ബുധനാഴ്‌ച ഉച്ചയോടെ പെയ്‌ത മഴയ്‌ക്കിടെയുണ്ടായ ശക്തമായ പരിക്കേറ്റ് ചികില്‍സയിലായിരുന്ന തൊഴിലാളി മരിച്ചു. ഇടുക്കി പൂപ്പാറ സ്വദേശി രാജ(45) ആണ് മരണപ്പെട്ടത്. ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായതിനെ തുടർന്ന് രാജയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു മരണം.
ബുധനാഴ്‌ച വൈകിട്ട് ആലക്കോട് പഞ്ചായത്തിലെ കച്ചിറപ്പാറയിലെ പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈവ്സ്റ്റാർ ഗ്രാനൈറ്റ്സ് എന്ന പാറമടയിലെ രാജ ഉൾപ്പെടെയുള്ള 11 തൊഴിലാളികൾക്കാണ് ഇടിമിന്നലിൽ പരിക്കേറ്റത്. ഉച്ചകഴിഞ്ഞ് ശക്തമായ മഴ പെയ്‌തതോടെ സമീപത്തെ താത്‌കാലിക ഷെഡിൽ തൊഴിലാളികൾ കയറി നിൽക്കുന്നതിനിടെയാണ് മിന്നലേറ്റത്.
ബുധനാഴ്‌ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. ഫൈവ്സ്റ്റാർ ഗ്രാനൈറ്റ്സ് പാറമടയിലെ 11 തൊഴിലാളികൾക്ക് പുറമെ പീരുമേട് തേയില തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് പേർക്കും ഇടിമിന്നലില്‍ പരിക്കേറ്റിട്ടുണ്ട്.
പാറമടയിൽ ജോലി ചെയ്‌തിരുന്ന കൊല്ലം അച്ചൻകോവിൽ സ്വദേശി അഖിലേഷ് (25), മൂന്നാർ കള്ളിപ്പാറ സ്വദേശി പ്രകാശ് (18), എരുമേലി മരുത്തിമൂട്ടിൽ അശ്വിൻ മധു (22), തമിഴ്‌നാട് കുമാരലിംഗപുരം സ്വദേശികളായ ധർമ്മലിംഗം (31), വിയജ് (31), സൂര്യ (20), ജയൻ (55), പൂപ്പാറ സ്വദേശി രാജ (45), മറയൂർ സ്വദേശി മഥനരാജ് (22), പെരുമ്പാവൂർ സ്വദേശികളായ ആശോകൻ (50), ജോൺ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചകഴിഞ്ഞ് ശക്തമായ മഴ പെയ്‌തതോടെ സമീപത്തെ താത്‌കാലിക ഷെഡിൽ തൊഴിലാളികൾ കയറി നിൽക്കുകയായിരുന്നു.
ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായതിനെ തുടർന്ന് രാജയെയും മഥനരാജിനെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരുമണിയോടെ രാജ മരണപ്പെട്ടു. ബാക്കിയുള്ളവരെല്ലാം തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.
അതേസമയം പീരുമേട് തേയില തോട്ടത്തിൽ ജോലി ചെയ്‌ത് കൊണ്ടിരിക്കവെയാണ് രണ്ട് പേർക്ക് ഇടിമിന്നലേറ്റത്. ഏലപ്പാറ കാവക്കുളം തോട്ടത്തിലെ തൊഴിലാളികളായ ശാന്തി കാവക്കുളം(45), അമുദ ജയകുമാർ(46) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശപ്പിച്ചു.
സ്ഥിരമായി കാവക്കുളം പ്രദേശത്ത് ഇടിമിന്നല്ലിൽ ആളുകൾക്കും വളർത്തു മൃഗങ്ങൾക്കും പരിക്കേല്‍ക്കാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അതേസമയം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന രാജയുടെ മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇടിമിന്നൽ; വേണം കരുതല്‍
- തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത ഉയർത്തും.
- ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെങ്കില്‍ ജനലും വാതിലും അടച്ചിടാന്‍ മറക്കരുത്. വാതിലിനും ജനലിനും അടുത്ത് നിന്ന് മാറി നിൽക്കുകയും വേണം. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതിരിക്കാനും ശ്രമിക്കണം.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കാന്‍ മറക്കരുത്. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കാവുന്നതാണ്.
- അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക.
- ഇടിമിന്നലുള്ളപ്പോൾ വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. സൈക്കിൾ, ബൈക്ക്, ട്രാക്‌ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഈ സമയത്ത് ഒഴിവാക്കുക.
- ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ തുടരുക.
- ഇടിമിന്നലുള്ള സമയത്ത് തുണികൾ എടുക്കാൻ ടെറസിലേയ്‌ക്കോ, മുറ്റത്തേക്കോ പോകരുത്.
- കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്‌തുക്കൾ കെട്ടിവയ്ക്കുക.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക.
- ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തിവച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം.
- ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്‍റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തിവയ്ക്കണം.
- ഇടിമിന്നലുള്ള സമയത്ത് ഉയരമുള്ള സ്ഥലങ്ങളിലോ ടെറസിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
- അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത സാഹചര്യത്തിൽ നിങ്ങൾ തുറസായ സ്ഥലത്താണങ്കിൽ, പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
‘ദാമിനി’ മൊബൈൽ ആപ്ലിക്കേഷൻ: ഇടിമിന്നൽ സാധ്യത മനസിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ‘ദാമിനി’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാം. ദാമിനി ആപ്പ് https://play.google.com/store/apps/details?id=com.lightening.live.damini എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കാവുന്നതാണ്.