ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരായ പരാമര്‍ശത്തില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍റെ നടപടി.
പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്‍റെ തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തിവന്ന കെട്ടിട നിര്‍മ്മാണത്തിന് റവന്യൂവകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ് കളക്ടര്‍ രേണു രാജിന്‍റെ നടപടി. എന്നാല്‍ പഞ്ചായത്തിന്‍റെ നിര്‍മ്മാണങ്ങള്‍ക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു എംഎല്‍എ സബ് കളക്ടറെ ബുദ്ധിയില്ലാത്തവളെന്ന് ആക്ഷേപിച്ചത്.
"അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്, ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു, കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ. ബില്‍ഡിംഗ് റൂള്‍സ് പഞ്ചായത്ത് വകുപ്പാണ്. അവള്‍ക്ക് ഇടപെടാന്‍ യാതൊരു റൈറ്റുമില്ല. അവളുടെ പേരില്‍ കേസ് ഫയല്‍ ചെയ്യണം. ഇതൊരു ജനാധിപത്യ രാജ്യമല്ലേ, ജനപ്രതിനിധികളുടെ നിര്‍ദ്ദേശം കേള്‍ക്കൂലെന്ന് പറഞ്ഞാല്‍.." എന്നാണ് ദേവികുളം സബ് കളക്ടറെക്കുറിച്ച് എസ്. രാജേന്ദ്രന്‍ പറഞ്ഞത്.
പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് എംഎല്‍എ ഖേദപ്രകടനം നടത്തിയിരുന്നു.വീട്ടില്‍ ഭാര്യയേയും മകളേയും അവള്‍ എന്നാണ് വിളിക്കുന്നത്. അത്തരത്തിലാണ് ദേവികുളം സബ് കളക്ടറേയും വിളിച്ചത്. താന്‍ ബഹുമാനത്തോടെയാണ് അവളെന്ന് വിളിക്കുന്നത്. തന്നെയുമല്ല, ചെറിയ കുട്ടിയാണ് കളക്ടര്‍. അതുകൊണ്ട് അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ലെന്നാണ് താന്‍ കരുതുന്നത്. എങ്കിലും സ്ത്രീ സമൂഹത്തിന് തന്‍റെ പരാമര്‍ശത്തില്‍ വേദനയുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് എസ്.രാജേന്ദ്രന്‍ പ്രതികരിച്ചത്.