കേരളം

kerala

ETV Bharat / state

എസ്.രാജേന്ദ്രനെ തള്ളി സബ് കളക്ടറെ പിന്തുണച്ച് റവന്യൂമന്ത്രി

സബ് കളക്ടറുടെ നടപടി നിയമാനുസൃതമെന്നും ഉദ്യോഗസ്ഥക്കെതിരെ യാതൊരു തരത്തിലുള്ള അന്വേഷണവും ആവശ്യമില്ലെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍.

ഇ.ചന്ദ്രശേഖരന്‍

By

Published : Feb 10, 2019, 2:12 PM IST

ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജിനെ പിന്തുണച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. മൂന്നാറില്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രനും ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജും തമ്മിലുള്ള പ്രശ്നം വിശദമായി പരിശോധിക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. സബ്കളക്ടറുടെ നടപടി നിയമാനുസൃതമാണ്. റവന്യൂവകുപ്പ് കളക്ടര്‍ക്കൊപ്പം ഉണ്ടാകും. ഉദ്യോഗസ്ഥയ്ക്കെതിരെ യാതൊരു തരത്തിലുള്ള അന്വേഷണവും ആവശ്യമില്ല. മറ്റാര്‍ക്കെങ്കിലും വീഴ്ചയുണ്ടായോയെന്ന് അവര്‍ പരിശോധിക്കണം. കോടതിവിധി അനുസരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്തിന്‍റെ അനധികൃത നിര്‍മാണം തടയുന്നതിന് സ്റ്റോപ് മെമ്മോ നല്‍കിയതിന്‍റെ പേരില്‍ സബ് കളക്ടര്‍ ഡോ. രേണു രാജിനെ പരസ്യമായി വ്യക്തിഹത്യ നടത്തിയ എസ്.രാജേന്ദ്രന്‍ എംഎല്‍എയുടെ നടപടി വിവാദമായിരുന്നു. എംഎല്‍എയുടെ നടപടിക്കെതിരെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുമെന്നും തുടര്‍ന്ന് മറ്റ് നടപടികളെടുക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചിരുന്നു. സ്റ്റോപ് മെമ്മോ നല്‍കിയിട്ടും കെട്ടിട നിര്‍മ്മാണം നടത്തിയ മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജിയും റിപ്പോര്‍ട്ടും നല്‍കുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി. 2010 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള ജില്ലാ കളക്ടറുടെ എന്‍ഒസി ഇല്ലാതെയാണ് നിര്‍മാണം നടക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് വനിതാ വ്യവസായ കേന്ദ്രത്തിന്‍റെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടത്.

സബ് കളക്ടറുടെ ഉത്തരവ് ലംഘിച്ച് നിര്‍മാണം തുടര്‍ന്നതോടെ മേല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പൊലീസ് സന്നാഹവുമായി റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. എന്നാല്‍ ദേവികുളം എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് നടപടിയെടുക്കാതെ റവന്യൂ സംഘം മടങ്ങുകയായിരുന്നു.

ദേവികളും സബ് കളക്ടറെ അധിക്ഷേപിച്ച മൂന്നാര്‍ എംഎല്‍എയുടെ നടപടി സിപിഎം പരിശോധിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ പറഞ്ഞു. എസ്. രാജേന്ദ്രന്‍ എംഎല്‍എയോട് പാര്‍ട്ടി വിശദീകരണം തേടും. കയ്യേറ്റവുമായി ബന്ധപ്പെട്ട നിയമപരമായ നടപടികളില്‍ ഇടപെടില്ലെന്നും ജയചന്ദ്രന്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details