ബന്ധു നിയമന വിവാദത്തിൽ പുതിയ തെളിവുകൾ പുറത്തുവിട്ട് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദര പുത്രന്‍റെ നിയമനത്തെ എതിർത്ത് തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യു, മന്ത്രി എ.സി. മൊയ്തീന് നൽകിയ കത്താണ് പി.കെ. ഫിറോസ് പുറത്തുവിട്ടത്.
ബന്ധു നിയമന വിവാദം: ജയിംസ് മാത്യു എംഎല്‍എയുടെ കത്ത് പുറത്തുവിട്ട് പി.കെ. ഫിറോസ് - youth league
ഡി.എസ്. നീലകണ്ഠനെ നിയമിച്ചത് കോടിയേരിയുടെ ശുപാര്‍ശയിലായിരുന്നുവെന്ന് പി.കെ. ഫിറോസ് നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുനിയമനത്തെ ചോദ്യം ചെയ്ത് ജയിംസ് മാത്യു എംഎൽഎ മന്ത്രി എ.സി. മൊയ്തീന് നൽകിയ കത്ത് പി.കെ. ഫിറോസ് പുറത്തുവിട്ടത്.
സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻനായരുടെ സഹോദര പുത്രൻ ഡി.എസ്. നീലകണ്ഠന്‍റെ ഇൻഫർമേഷൻ കേരള മിഷന്‍റെ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലേക്കുളള നിയമനമാണ് ജയിംസ് മാത്യു ചോദ്യം ചെയ്തത്. ഇൻഫർമേഷൻ കേരള മിഷന്‍റെ പുനരുദ്ധാരണ റിപ്പോർട്ട് അനുസരിച്ച് ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലേക്ക് നിയമനം നടത്താൻ റിപ്പോർട്ടിൽ ശുപാർശയില്ലായിരുന്നുവെന്ന് ജയിംസ് ചൂണ്ടിക്കാട്ടുന്നു. പുനരുദ്ധാരണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കും മുമ്പേ തസ്തികയില്‍ നിയമനം നടത്തുകയും, ഒരു ലക്ഷം രൂപ ശമ്പളവും പത്ത് ശതമാനം ഇന്‍ക്രിമെന്‍റുമടക്കം വന്‍തുക നീലകണ്ഠന് നല്‍കിയെന്നും കത്തിൽ പറയുന്നു. ഇത്തരത്തില്‍ സര്‍ക്കാരിന്‍റെയും ധനവകുപ്പിന്‍റെയും അംഗീകാരമില്ലാതെ 15 നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും, ഇത് പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് ജയിംസ് മാത്യു തദ്ദേശ ഭരണമന്ത്രി എ.സി. മൊയ്തീന് കത്ത് നല്‍കിയത്.
എന്നാൽ കത്ത് കിട്ടി മാസങ്ങളായിട്ടും മന്ത്രി നടപടി സ്വീകരിച്ചിട്ടില്ല. അത് കോടിയേരി ബാലൃഷ്ണനുമായുള്ള അടുപ്പം കൊണ്ടാണെന്നും പി.കെ. ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡി.എസ്. നീലകണ്ഠനെ നിയമിച്ചത് കോടിയേരിയുടെ ശുപാര്‍ശയിലായിരുന്നുവെന്ന് നേരത്തെ പി.കെ. ഫിറോസ് ആരോപിച്ചിരുന്നു. ഈ നിയമനം ചൂണ്ടിക്കാട്ടി മന്ത്രി കെ.ടി. ജലീല്‍ ഭീഷണിപ്പെടുത്തിയതോടെയാണ് ബന്ധുനിയമന വിവാദത്തില്‍ സിപിഎം നിലപാട് കടുപ്പിക്കാത്തതെന്നും പി.കെ. ഫിറോസ് ആരോപണം ഉന്നയിച്ചിരുന്നു.