തിരുവനന്തപുരം: അയൽപക്കത്തെ കുഞ്ഞു ബിസിനസിലൊതുങ്ങാതെ ലോക വിപണി കീഴടക്കാനൊരുങ്ങുകയാണ് കുടുംബശ്രീ. ഓൺലൈൻ വിപണന സൈറ്റായ ആമസോണുമായി കൈകോർത്താണ് കേരളത്തിന്‍റെ സ്വന്തം വനിതാ കൂട്ടായ്മയായ കുടുംബശ്രീയുടെ പുതിയ നീക്കം. പദ്ധതിയുടെ ഭാഗമായി ആമസോണുമായി ഈ മാസം 27ന് കുടുംബശ്രീ കരാറൊപ്പിടും.
കുടുംബശ്രീ ഇനിമുതൽ ആമസോണിലും..! ലോക വിപണിയിലേക്കുള്ള പുതിയ ചുവടുവെയ്പ് - amazone
വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപന്നങ്ങൾ കുടുംബശ്രീ ആസ്ഥാനത്ത് സംഭരിച്ച് ഓർഡർ അനുസരിച്ച് വിതരണം ചെയ്യാനാണ് പരിപാടി.
പരീക്ഷണാടിസ്ഥാനത്തിൽ സോപ്പ്, ലോഷൻ, തുടങ്ങി 70 ഓളം ഉൽപ്പന്നങ്ങൾ കുടുംബശ്രീ ആമസോണിൽ വിൽപനയ്ക്ക് വച്ചിരുന്നു. ഇന്ത്യയുടെ വിവിധ ഇടങ്ങളിൽ നിന്നായി നിരവധി പേർ ഉൽപന്നങ്ങൾ വാങ്ങിയതോടെയാണ് ആത്മവിശ്വാസമേറിയത്. കരകൗശല വസ്തുക്കൾ, ചിപ്സ്, അച്ചാർ തുടങ്ങി 110 ഉൽപ്പന്നങ്ങളാണ് കുടുബശ്രീ ആമസോൺ വഴി വിപണനത്തിനെത്തിക്കുക.
കുടുംബശ്രീയുടെ സ്വന്തം അച്ചാറും ചിപ്സുമെല്ലാം കടൽ കടന്ന് ലോകം മുഴുവനും എത്തുമെന്നാണ് പ്രതീക്ഷ. സംരഭമെത്ര വളർന്നാലും ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിൽ യാതൊരു വിട്ടു വീഴ്ചയുമുണ്ടാവില്ലെന്നാണ് കുടുംബശ്രീ പ്രവർത്തകർ ഉറപ്പിച്ചു പറയുന്നത്.