സംസ്ഥാനത്ത് ചൂട് കൂടി അടുത്ത ആഴ്ച ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മലബാർ മേഖലയിലാണ് ചൂട് ഏറ്റവും ശക്തമാവുക. വേനൽ മഴ ലഭിച്ചില്ലെങ്കിൽ താപതരംഗത്തിനും സാധ്യത ഉണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.
വിയർത്തുരുകി കേരളം; ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് - വിയർത്തുരുകി കേരളം
നിലവിൽ കോഴിക്കോടാണ് കൂടിയ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് ശരാശരി താപനിലയിൽ നാല് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് കോഴിക്കോട്.
അതേസമയം, കേരളത്തിലാകമാനം ഇതുവരെ ശരാശരി മൂന്ന് ഡിഗ്രിക്ക് മുകളിൽ താപനിലയിൽ വർധനവുണ്ടായെന്ന് കേന്ദ്രനിലയം പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ പറയുന്നു. ബുധനാഴ്ചയോടെ താപനില ആറ് ഡിഗ്രി വരെ കൂടിയേക്കാം. ഇത്തരത്തിലായാൽ പന്ത്രണ്ടാം തിയതിയാകുമ്പോഴേക്കും താപനില 10 ഡിഗ്രി വരെ ഉയരാമെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷകേന്ദ്രത്തിന്‍റെ ഗ്രാഫുകൾ വ്യക്തമാക്കുന്നു. ഈ വർധനവ് സൂര്യാഘാതത്തിനും മുകളിൽ താപതരംഗമെന്ന അവസ്ഥയാണ്.
മനുഷ്യന് താങ്ങാൻ കഴിയുന്ന താപനില കുറിക്കുന്ന ഹീറ്റ് ഇന്‍റെക്സ് പ്രകാരവും വലിയ ചൂടാണ് കേരളത്തിൽ വരാൻ പോകുന്നത്. വിദേശ ഏജൻസികളുടെ കണക്കുകൾ കൂടി ക്രോഡീകരിച്ചാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകൾ തയാറാക്കുന്നത്. സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും മുൻ കരുതലുകൾ എടുക്കുന്നുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.