''അനുയോജ്യമായ ഹൃദയം ലഭിക്കുകയാണെങ്കിൽ രണ്ടാമതും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ ഞാൻ തയ്യാറാണ്''. അഞ്ചുവർഷം മുമ്പ്ലിസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വച്ച് ഗിരീഷ് കുമാർ പറഞ്ഞ ഈ വാക്കുകൾ ഇന്നലെയെന്നപോലെ ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറത്തിന്‍റെകാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. ഇന്ത്യയിൽ ഇന്നുവരെയും ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒരു വെല്ലുവിളി ഏറ്റെടുക്കാനാണ് ഗിരീഷ് കുമാർ എന്ന ധീരനായ വ്യക്തി ആവശ്യപ്പെട്ടിരിക്കുന്നത്.
മൂന്നാമത്തെ ഹൃദയവുമായി അഞ്ചാം പിറന്നാൾ
ഇന്ത്യയിൽ ആദ്യമായി മൂന്ന് ഹൃദയങ്ങളുടെ സ്പന്ദനമറിഞ്ഞ വ്യക്തി അഞ്ചു വർഷം പൂർത്തിയാക്കി. ബാംഗ്ലൂർ വിപ്രോയിലെ ഐടി വിദഗ്ധനായ പാലക്കാട് സ്വദേശി ഗിരീഷ് കുമാറാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം അഞ്ചു വർഷം പൂർത്തിയാക്കിയത്.
ബാംഗ്ലൂർ വിപ്രോയിലെ ഐടി വിദഗ്ധനായ പാലക്കാട് സ്വദേശി ഗിരീഷ് കുമാർ മുപ്പത്തിയെട്ടാം വയസ്സിൽ ആണ് ആദ്യ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നത്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതി ആയിരുന്നു അസുഖം. എന്നാൽ പിന്നീട് ഹൃദയ വാൽവിന് അണുബാധ ഉണ്ടായതിനെ തുടർന്ന് വീണ്ടും ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗിരീഷിനെ രണ്ടാമതും ഹൃദയശസ്ത്രക്രിയക്ക് വിധേയനാക്കുകയാരുന്നു. മസ്തിഷ്ക മരണം സംഭവിച്ച ആലപ്പുഴ സ്വദേശിയുടെ ബന്ധുക്കൾ അവയവദാനത്തിൽ തയ്യാറായതാണ് താനിന്നും ജീവിച്ചിരിക്കാൻ കാരണമെന്നും, ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിനെ പറ്റി സോഷ്യൽ മീഡിയകളിൽ വരുന്ന തെറ്റായ വാർത്തകൾ ഏറെ ദുഃഖകരമാണെന്നും, അതിനെ മറികടക്കുവാൻ കൃത്യമായ ബോധവൽക്കരണം വേണമെന്നും ഗിരീഷ് കുമാർ പറഞ്ഞു.
ഏറ്റവും കൂടുതൽ സന്തോഷവും ദുഃഖവും യഥാർത്ഥ പ്രാർത്ഥനയും നടക്കുന്നത് ആശുപത്രിയിലാണ്. ഒരു വിഭാഗം ആശുപത്രികൾ വരുന്ന രോഗികളെ എല്ലാം മെഷീനുകളിൽ കയറ്റി ഇറക്കുന്ന സാഹചര്യം നിലവിലുള്ളപ്പോൾ ഇത്രയും കരുതലുള്ള ഡോക്ടർമാരുടെ സേവനം ഗിരീഷിനെ പോലെയുള്ളവർക്ക് ഊർജ്ജം പകരുന്നതാണെന്നും നടൻ ജയസൂര്യ പറഞ്ഞു. അടുത്തിടെ വൃക്കയിലെ കല്ല് നീക്കം ചെയ്തതിനുള്ള ശസ്ത്രക്രിയയ്ക്കും ഗിരീഷ് വിധേയനായിരുന്നു. അങ്ങനെ സാധാരണ മനുഷ്യനു സങ്കൽപ്പിക്കാൻ കഴിയാത്ത ശാരീരിക ബുദ്ധിമുട്ടുകൾ തരണംചെയ്ത് ജീവിതത്തിൽ മുന്നേറിയ വ്യക്തിയാണ് ഗിരീഷ്.