എറണാകുളം: ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസിൽ സൂരജ് പാലാക്കാരൻ കീഴടങ്ങി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലന്നായിരുന്നു യൂട്യൂബർ സൂരജിന്‍റെ പ്രതികരണം.
യൂട്യൂബർ സൂരജ് പാലാക്കാരൻ പൊലീസിൽ കീഴടങ്ങി പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കുക. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മുൻകൂർ ജാമ്യ ഹർജിയിൽ നേരത്തെ പരാതിക്കാരിയെ ഹൈക്കോടതി സ്വമേധയ കക്ഷി ചേർത്തിരുന്നു.
പ്രതി തന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ ബോധപൂർവം ശ്രമിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. പ്രത്യാഘാതങ്ങളെ കുറിച്ച് അറിഞ്ഞുകൊണ്ടാണ് വാർത്ത ചെയ്യുന്നതെന്ന് പ്രതി വിഡീയോയിൽ പരാമർശിക്കുന്നുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും യുവതി കോടതിയെ ബോധിപ്പിച്ചിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കലിനൊപ്പം, പട്ടിക ജാതി, പട്ടിക വർഗ അതിക്രമ നിരോധന നിയമ പ്രകാരവുമാണ് സൂരജ് പാലാക്കാരനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ഡിജിറ്റൽ മാധ്യമങ്ങൾ വഴി മോശം പരാമർശം നടത്തുന്നത് കുറ്റകരമാണെന്ന് ഈ കേസിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളും പൊതു ഇടമാണ്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള പരാമർശം അധിക്ഷേപകരമായി തോന്നിയാൽ ഇരകൾക്ക് നിയമപരമായി നേരിടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Also Read: ഡിജിറ്റൽ മാധ്യമങ്ങൾ വഴി മോശം പരാമർശം നടത്തുന്നത് കുറ്റകരം: ഹൈക്കോടതി