എറണാകുളം :ആലുവയിൽ നടുറോഡിൽ യുവാക്കൾക്ക് ക്രൂര മർദനം. കാറിൽ ഓട്ടോ ഉരസിയത് ചോദ്യം ചെയ്‌ത യുവാക്കളെ ഡ്രൈവറും കൂടെയുണ്ടായിരുന്ന മൂന്ന് പേരും ചേർന്ന് നഗരമധ്യത്തിൽ വച്ച് ആളുകൾ നോക്കി നിൽക്കെ മൃഗീയമായി മർദിക്കുകയായിരുന്നു. എലൂക്കര നസീഫ് (20) സുഹൃത്ത് ബിലാൽ എന്നിവർക്കാണ് മർദനമേറ്റത്.
ആലുവ മാർത്താണ്ഡവർമ്മ പാലത്തിനടുത്ത് ദേശീയപാതയുടെ സമാന്തര റോഡിൽ ഗതാഗതം തടസപ്പെടുത്തിയായിരുന്നു മർദനം. ഓടിക്കൂടിയ നാട്ടുകാരിൽ ചിലർ അക്രമികളെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. മർദനമേറ്റ് നിലത്തുവീണ യുവാക്കളെ ചവിട്ടുകയും കല്ലും വടിയും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഇതിന്‍റെ ദൃശ്യം പുറത്തുവന്നു.
പ്രാണരക്ഷാർഥം യുവാക്കൾ സംഭവ സ്ഥലത്ത് നിന്ന് ഓടി പോവുകയായിരുന്നു. മർദനത്തിനിടെ അക്രമികളിലൊരാളുടെ ഉടുമുണ്ട് അഴിഞ്ഞ് വീഴുന്നതും എന്നിട്ടും നഗ്നനായി ഇയാൾ മർദനം തുടരുന്നതും ദൃശ്യങ്ങളിലുണ്ട്. ശനിയാഴ്‌ച വൈകിട്ട് 6.30 ഓടെ ആലുവ ബൈപ്പാസിൽ ദേശീയപാതയുടെ സമാന്തര റോഡ് വഴി കാറിൽ അങ്കമാലിയിലേക്ക് പോവുകയായിരുന്നു യുവാക്കൾ.