എറണാകുളം : കഞ്ചാവുമായി നാല് യുവാക്കൾ ആലുവയിൽ പൊലീസ് പിടിയിൽ (Youths Arrested With Ganja In Aluva). ശ്രീമൂല നഗരം സ്വദേശികളായ പറയ്ക്കശേരി അഖിൽ സോമൻ (25) മേച്ചേരിൽ ആദിൽ യാസിൻ (20), മേച്ചേരിൽ മുഹമ്മദ് യാസിൻ (24), മുല്ലശേരി മുഹമ്മദ് ആഷിഖ് (23) എന്നിവരെയാണ് ഡിസ്ട്രിക്‌ട് ആന്‍റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്‌സും, ആലുവ പൊലീസും (Aluva Police) ചേർന്ന് കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ നിന്നും മൂന്നരക്കിലോയോളം കഞ്ചാവും പിടിച്ചെടുത്തു.
ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഒഡിഷയിൽ നിന്ന് കഞ്ചാവ് തീവണ്ടി മാർഗമാണ് ഇവർ ആലുവയിലെത്തിച്ചത്. കിലോയ്ക്ക് മൂവായിരം രൂപയ്ക്ക് വാങ്ങി ഇരുപത്തയ്യായിരം രൂപയ്ക്കാണ് വിൽപ്പന നടത്താൻ ലക്ഷ്യമിട്ടത്. വിദ്യാർഥികൾക്കും, യുവാക്കൾക്കും കഞ്ചാവ് ചെറിയ പൊതികളാക്കിയാണ് കച്ചവടം നടത്തി വന്നിരുന്നത്. പിടിയിലായ പ്രതികൾ സ്ഥിരമായി മയക്കുമരുന്ന് കടത്തുന്നവരും വിൽപ്പനക്കാരുമാണ്.
എംഡിഎംഎയുമായി പിടിയിൽ : കഴിഞ്ഞ ദിവസം കൃഷ്‌ണഗിരിയിൽ നിന്നും കാറിൽ കടത്തിയ 150 ഗ്രാം രാസലഹരി അങ്കമാലിയിൽ വച്ച് പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. പെരുമ്പാവൂർ ചേലാമറ്റം ചിറക്കൽ വീട്ടിൽ ജോൺ ജോയി (22), കുറുമശേരിയിൽ താമസിക്കുന്ന ചേലാമറ്റം പള്ളിയാന ശ്യാം (27) എന്നിവരെയാണ് ഡിസ്ട്രിക്റ്റ് ആന്‍റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്‌സും, അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു ഇവർ പിടിയിലായത്. കൃഷ്‌ണഗിരിയിൽ നിന്നുമാണ് പ്രതികൾ എംഡിഎംഎ കൊണ്ടുവന്നത്. വിദ്യാർഥികൾക്കും, യുവാക്കൾക്കും വിൽക്കുകയായിരുന്നു ലക്ഷ്യം. ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.